ബുലന്ദ്‌ഷെഹര്‍ കൂട്ടബലാത്സംഗം: അഞ്ച് പ്രതികള്‍ അറസ്റ്റില്‍; പൊലീസിനെ വിമര്‍ശിച്ച് ദേശീയ വനിതാകമ്മീഷന്‍

By Web DeskFirst Published Aug 1, 2016, 9:33 AM IST
Highlights

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷെഹറില്‍ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതേസമയം സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത് വന്നു.കേസില്‍ പൊലീസ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ കുറ്റപ്പെടുത്തി..

ദോസ്ത്പൂര്‍ സ്വദേശികളായ നരേഷ്,ബബ് ലു,റെയിസ് എന്നിവരടക്കം അഞ്ച് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസെടുത്തു.നരേഷ്,ബബ്‌ളു,റെയിസ് എന്നിവരെ ഇന്നലെതന്നെ ബലാത്സംഹത്തിനിരയായ അമ്മയും മകളും തിരിച്ചറിഞ്ഞിരുന്നു.

കേസില്‍ 15 പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്..ഇവര്‍ നേരത്തെയും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

അതേസമയം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത് വന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമം പോക്‌സോ പൊലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഇത് പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുമെന്നും ദേശീയ വനിതാകമ്മീഷന്‍ കുറ്റപ്പെടുത്തി.

കേസില്‍ പൊലീസിന് തികഞ്ഞ അനാസ്ഥയാണുള്ളതെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. കൃത്യവിലോപത്തിന് ഇന്നലെ എസ്പി അടക്കം അഞ്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 

click me!