
ജയ്പൂര്‍: വിശുദ്ധ പക്ഷികളായി കണക്കാക്കുന്ന പക്ഷിയുടെ മുട്ട അബദ്ധത്തില്‍ പൊട്ടിച്ചതിന് അഞ്ച് വയസുകാരിക്ക് ഊരുവിലക്ക്. രാജസ്ഥാനിലെ ബൂന്ധി ജില്ലയിലാണ് സംഭവം. ബൂന്ധി ജില്ലയിലെ ഹരിപുര ഗ്രാമത്തില്‍ മഴയുടെ സന്ദേശവാഹകരായി കണക്കാക്കുന്ന ചെങ്കണ്ണി തിത്തിരി പക്ഷിയുടെ മുട്ടയാണ് പെണ്‍കുട്ടി അബദ്ധത്തില്‍ പൊട്ടിച്ചത്.
വീട്ടില്‍ കയറാനോ ആരോടും സംസാരിക്കാനോ പാടില്ലെന്നാണ് ഗ്രാമത്തിലെ ഖാപ് പഞ്ചായത്ത് അധികൃതര്‍ ശിക്ഷ വിധിച്ചത്. കുട്ടിയുടെ കയ്യില്‍ നിന്ന് വെള്ളം പോലും വാങ്ങാന്‍ പാടില്ലെന്ന് ശിക്ഷയില്‍ പറയുന്നു. മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കുന്നതിന് കുട്ടിയുടെ കുടുംബാഗംങ്ങള്‍ക്കും വിലക്കുണ്ട്.
ശുഭസൂചനയായ പക്ഷിയുടെ മുട്ട പൊട്ടിച്ചത് പൊറുക്കാന്‍ ആവാത്ത തെറ്റാണെന്നാണ് റീഗര്‍ സമുദായത്തില്‍ പെട്ട ഗ്രാമവാസികളുടെ വിശ്വാസം. പത്ത് ദിവസത്തില്‍ അധികമായി വീടിന് വെളിയാലാണ് പെണ്‍കുട്ടി കഴിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടവും മനുഷ്യാവകാശപ്രവര്‍ത്തകരും സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കുട്ടിക്ക് വീട്ടില്‍ കയറാന്‍ സാധിച്ചത്.
പെണ്‍കുട്ടിയുടെ ദുരവസ്ഥയില്‍ എന്ത് പരിഹാരം ചെയ്യണമെന്ന് പിതാവിന്റെ ആവശ്യത്തിന് മദ്യവും പണവും ജീവഹാനി വരുത്തിയതിന് ഗംഗാ സ്നാനവുമാണ് ഖാപ് പഞ്ചായത്തത് ആവശ്യപ്പെട്ടത്. ഇതിനാവശ്യമായ ചെലവിനുള്ള പണം പിതാവിന്റെ കൈവശമില്ലെന്ന് മനസിലായതോടെ ശിക്ഷ തുടരാന്‍ വിധിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചത്.
സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ക്യൂ നിൽക്കുന്നതിനിടെയാണു കുട്ടി അബദ്ധത്തിൽ പക്ഷിക്കൂടിനു മുകളിൽ ചവിട്ടിയതും മുട്ട പൊട്ടിയതും. കേസ് റജിസ്റ്റർ ചെയ്തെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുട്ടിയ്ക്കും കുടുംബത്തിനും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോയെന്ന കാര്യം നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam