പാക് സൈന്യവുമായി അതിര്‍ത്തി രക്ഷാസേന നടത്തിയ ഏറ്റുമുട്ടലിന്റെ വീഡിയോ പുറത്തുവിട്ടു

By Web DeskFirst Published Oct 22, 2016, 5:08 PM IST
Highlights

ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഹിരാനഗറിൽ പാക് സൈന്യവുമായി അതിര്‍ത്തി രക്ഷാസേന നടത്തിയ ഏറ്റുമുട്ടലിന്റെ വീഡിയോ പുറത്തുവിട്ടു. ജമ്മുകശ്മൂരിലെ കത്വ ജില്ലയിലെ ഹിരാനഗറിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഇന്നലെ രാത്രി വെടിയുതിര്‍ത്ത പാക്കിസ്ഥാന് അതിര്‍ത്തി രക്ഷാസേന ശക്തമായ തിരിച്ചടിയാണ് നൽകിയത്. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

ഏറ്റുമുട്ടലിൽ ആരും മരിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാൻ വ്യക്തമാക്കിയത്. നിയന്ത്രണരേഖയുടെ തൊട്ടടുത്ത് വന്ന് പാക് സൈന്യം ആക്രമിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. റോക്കറ്റ് ലോഞ്ചർ ഉൾപ്പടെയുള്ള ആയുധങ്ങൾ പാക് സേന ആക്രമണത്തിനായി ഉപയോഗിച്ചുവെന്ന് അതിര്‍ത്തി രക്ഷാസേന വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹിരാനഗറിൽ ബി.എസ്.ടി ശക്തമായ തിരിച്ചടിച്ചതിനെ തുടര്‍ന്ന് ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു.

ജമ്മുകശ്മീരിലെ ബാരമുള്ളയിൽ കരസേനയും അതിര്‍ത്തി രക്ഷാസേനയും പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് രണ്ട് ജയ്ഷെ മുഹമ്മദ് തീവ്രവാദികളെ പിടികൂടിയത്. ഇവരിൽ നിന്ന് എ.കെ.47 തോക്കും ഒരു പിസ്റ്റളും പിടിച്ചെടുത്തു. ഇവരെ സൈന്യം ചോദ്യം ചെയ്തുവരികയാണ്. സാംബ മേഖലയിൽ ഒരു പാക് ചാരനെ സൈന്യം പിടികൂടി. ഇയാളിൽ നിന്ന് പാക് സിംകാര്‍ഡുകളും സൈനിക നീക്കം വ്യക്തമാക്കുന്ന മാപ്പുകളും പിടിച്ചെടുത്തു.

click me!