
ചെന്നൈ: പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം വി.കെ.ശശികല രാജിവയ്ക്കണമെന്നും ഇവരുടെ ബന്ധുക്കളെ അംഗീകരിക്കാൻ കഴിയില്ലെന്നും ഒ.പനീർശെൽവം. ഇടഞ്ഞു നിൽക്കുന്ന പനീർശെൽവത്തിന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം നൽകാൻ തയാറാണെന്ന ടി.ടി.വി.ദിനകരന്‍റെ ഒത്തുതീർപ്പ് ഫോർമുല ഒ.പി.എസ് പക്ഷം തള്ളിക്കളഞ്ഞു.
ശശികലയെയും ബന്ധുക്കളെയും അംഗീകരിക്കാൻ കഴിയില്ലെന്ന തന്‍റെ നിലപാടിൽ മാറ്റമില്ല. അമ്മയുണ്ടായിരുന്ന കാലത്ത് ഇവരെയാരെയും അടുപ്പിക്കുക പോലുമില്ലായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറിയായി സ്വയം അവരോധിച്ച ശശികലയുടെ നിയമനവും അംഗീകരിക്കാൻ പറ്റില്ല. പാർട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ശശികലയെയും കൂട്ടാളികളെയും പുറത്താക്കണമെന്ന് പറയുന്നതെന്നും ഒ.പി.എസ് വ്യക്തമാക്കി.
ഇടഞ്ഞു നിൽക്കുന്ന ഒ.പി.എസ് പക്ഷത്തെ അനുനയിപ്പിക്കാൻ രാവിലെ ചെന്നൈയിൽ ഇരുപക്ഷവും യോഗം ചേർന്നിരുന്നു. ഇതിന് ശേഷം വൈകിട്ട് ഒ.പി.എസുമായി ശശികല പക്ഷം ചർച്ച നടത്താനും ധാരണയായിരുന്നു. എന്നാൽ ഉപാധികളൊന്നും ഇല്ലാതെ ഒ.പി.എസ് പക്ഷക്കാർ പാർട്ടിയിലേക്ക് മടങ്ങിവരുമെന്ന് ശശികല പക്ഷം പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. പിന്നാലെയാണ് ശശികലയെയും ബന്ധുക്കളെയും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഒ.പി.എസ് വിഭാഗം വ്യക്തമാക്കിയത്.
അതിനിടെ രണ്ടില ചിഹ്നം തങ്ങൾക്ക് ലഭിക്കാൻ 50 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം ടി.ടി.ഇ. ദിനകരൻ ചെന്നൈയിൽ നിഷേധിച്ചു. പോലീസ് അറസ്റ്റുചെയ്ത സുകേശ് ചന്ദ്രശേഖറിനെ അറിയില്ല. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദിനകരൻ ആരോപിച്ചു.
ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതുമുതൽ ദിനകരനെതിരേ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇതിനിടെ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണം ഒഴുക്കി എന്ന ആരോപണം ഉണ്ടാകുകയും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയുമുണ്ടായി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു കമ്മീഷനെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ഡൽഹി പോലീസ് ദിനകരനെതിരേ കേസെടുത്തത്.
ഇതെല്ലാം കൂടിച്ചേർന്ന് പാർട്ടിയിൽ മന്നാർഗുഡി കുടുംബത്തിനെതിരേ പുകഞ്ഞുകൊണ്ടിരുന്ന അതൃപ്തി പാരമ്യത്തിലെത്തുകയായിരുന്നു. അങ്ങനെയാണ് പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന ആവശ്യവുമായി പനീർശെൽവം രംഗത്തെത്തുന്നത്. അതിനെ എടപ്പാടി പളനിസ്വാമി വിഭാഗം സ്വാഗതം ചെയ്തതോടെയാണ് ശശികല വിഭാഗത്തിന്‍റെ പാർട്ടിയിലെ അപ്രമാതിത്വം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam