സതേൺ റെയിൽവേ നിലവിലുള്ള യുടിഎസ് മൊബൈൽ ആപ്പ് സേവനം മാർച്ച് ഒന്നു മുതൽ പൂർണ്ണമായും നിർത്തലാക്കുന്നു. ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങൾക്കുമായി യാത്രക്കാർ ഇനി റെയിൽവേ പുതുതായി അവതരിപ്പിച്ച 'റെയിൽ വൺ' എന്ന ആപ്പ് ഉപയോഗിക്കണം.

ചെന്നൈ: സതേൺ റെയിൽവേയിൽ നിലവിലുള്ള യുടിഎസ് മൊബൈൽ ആപ്പ് സേവനം മാർച്ച് ഒന്നു മുതൽ പൂർണ്ണമായും നിർത്തലാക്കുന്നു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് നടത്തുന്ന ഫീച്ചർ അപ്‌ഗ്രേഡിന്റെ ഭാഗമായാണ് നടപടി. പകരമായി ടിക്കറ്റിംഗ് സേവനങ്ങൾക്കും മറ്റ് യാത്ര അനുബന്ധ കാര്യങ്ങൾക്കുമായി റെയിൽ വൺ എന്ന പുതിയ ആപ്പ് റെയിൽവേ അവതരിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ടിക്കറ്റിംഗിനും മറ്റ് യാത്രാ സേവനങ്ങൾക്കുമുള്ള പ്രാഥമിക പ്ലാറ്റ്‌ഫോമായി റെയിൽ വൺ ആപ്പിനെ ക്രിസ് വികസിപ്പിച്ചെടുത്തു. കൂടുതൽ ആധുനികവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഇന്റർഫേസാണ് പുതിയ ആപ്പിനുള്ളത്. നിലവിൽ യുടിഎസ് ആപ്പിലെ പ്രധാന സേവനങ്ങളായ സീസൺ ടിക്കറ്റ് ബുക്കിംഗ്, പുതുക്കൽ, പുതിയ യൂസർ രജിസ്ട്രേഷൻ, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ്, ആർ-വാലറ്റ് ടോപ്പ്-അപ്പ് എന്നിവ ഇതിനോടകം തന്നെ നിർത്തലാക്കിയിട്ടുണ്ട്.

യുടിഎസ് ആപ്പ് പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ തുടർന്നും കാണാൻ സാധ്യതയുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ ആർ-വാലറ്റ് റീചാർജ് ചെയ്യാനോ സാധിക്കില്ല. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്താലും പഴയ സേവനങ്ങൾ ലഭ്യമാകില്ലെന്ന് റെയിൽവേ പ്രസ് ക്ലബ് കുറിപ്പിൽ വ്യക്തമാക്കി. അതിനാൽ അടിയന്തരമായി യാത്രക്കാർ റെയിൽ വൺ ആപ്പിലേക്ക് മാറണം.