കുടിവെള്ളത്തിനായി അഭിരാമി തുഴയുന്നത് ഒരു കിലോമീറ്റര്‍ കായല്‍ദൂരം

web desk |  
Published : May 16, 2018, 07:13 PM ISTUpdated : Oct 02, 2018, 06:34 AM IST
കുടിവെള്ളത്തിനായി അഭിരാമി തുഴയുന്നത് ഒരു കിലോമീറ്റര്‍ കായല്‍ദൂരം

Synopsis

ഓരുമുട്ടുകള്‍ കൂടി കടന്നുവേണം ചെളി നിറഞ്ഞ ഇടുങ്ങിയ നടവഴിയിലൂടെ ഓരോ വീട്ടിലേക്കും പോകുവാന്‍.

ആലപ്പുഴ: കുടിവെള്ളം ശേഖരിയ്ക്കാന്‍ തെര്‍മ്മോക്കോള്‍ ചങ്ങാടത്തില്‍ അഭിരാമി താണ്ടുന്നത് സാഹസികയാത്ര. എഴുപുന്ന പഞ്ചായത്തിലെ 9 -ാം വാര്‍ഡില്‍ കാക്കത്തുരുത്തിന്റെ മറുകരയിലെ തീരപ്രദേശത്താണ് അഭിരാമി താമസിക്കുന്നത്. വൈകീട്ട് ക്ലാസ് വിട്ട് അഭിരാമി വന്നാല്‍ കാക്കതുരുത്തില്‍ നിലവില്‍ ഉള്ള ഒരേയൊരു പൊതുടാപ്പില്‍ നിന്ന് ചെറുവള്ളത്തില്‍ കുടിവെള്ളം ശേഖരിച്ച് ഇക്കരെ എത്തിച്ച് തെര്‍മോകോള്‍ ചങ്ങാടത്തില്‍ 200 മീറ്റര്‍ പാടവും കടന്ന് വീട്ടിലെത്തിച്ച് വേണം ഭക്ഷണം പാചകം ചെയ്യാന്‍. 

ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കും ഈ സാഹസത്തിലൂടെ മാത്രമേ അഭിരാമിക്കും കുടുംബത്തിനും വെള്ളം ശേഖരിക്കുവാന്‍ സാധിക്കൂ. ചുറ്റിനും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തില്‍ ജീവിക്കുന്നവരുടെ നിവൃത്തികേടിന്റെ സാഹസമാണിത്. ഈ പ്രദേശത്തിലെ ഏകദേശം 12 ഓളം വരുന്ന കുടുംബങ്ങളുടെ അവസ്ഥയും ഇതുതന്നെ. ആലപ്പുഴ ജില്ലയിലെ വടക്കന്‍ മേഖലയിലെ എഴുപുന്ന പഞ്ചായത്തിലെ ഒരു തീരപ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കാന്‍ പെടുന്ന പെടാപ്പാടിന്റെ നേര്‍ച്ചിത്രമാണിത്. ആയിരക്കണക്കിന് കോടികള്‍ മുടക്കി ആരംഭിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും ഉപ്പ് വെള്ളത്താല്‍ ചുറ്റപ്പെട്ട തീരമേഖലയിലെ ദരിദ്ര ചുറ്റുപാടുകളില്‍ ജീവിക്കുന്നവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. 

പ്ലസ് വണ്‍ പരീക്ഷ എഴുതിയ അഭിരാമി ആറ് വയസുള്ളപ്പോള്‍ തുടങ്ങിയതാണ് തെര്‍മോകോള്‍ ചങ്ങാടം ഉപയോഗിച്ച് അക്കരെയുള്ള  ദ്വീപില്‍ നിന്ന് കുടിവെള്ളം വീട്ടിലെത്തിക്കാന്‍ അരകിലോമീറ്ററോളം ദൂരമുള്ള കായലും പാടവും കടന്ന് നടത്തുന്ന സാഹസിക യാത്ര. അഭിരാമിയുടെ വീട്ടില്‍ അമ്മയും അമ്മൂമ്മയും മാത്രമേയുള്ളൂ. ചെമ്മീന്‍ കമ്പനിയില്‍ കൂലിപ്പണിക്കാരിയായ അമ്മ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലാണ്. അമ്മയുടെ സഹോദരന്റെ സഹായത്താലാണ് വീട്ട് ചെലവും പഠനകാര്യങ്ങളും നടക്കുന്നത്. പഠനത്തോടൊപ്പം വീട് നടത്തിപ്പിന്റെ ഭാരവും പതിനാറുകാരിയായ അഭിരാമിയുടെ ചുമലിലാണ്. 

കൂടാതെ പ്രായമായ അമ്മൂമ്മയുടെ പരിചരണവും. ആലപ്പുഴ ജില്ലയിലെ വടക്കന്‍ മേഖലയിലുള്ള എഴുപുന്ന പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ 12 കുടുംബങ്ങളിലായി അമ്പതോളം പേരുടെ ദുരിതജീവിതം. ഗ്രാമസഭകള്‍ മുതല്‍ കലക്ടറേറ്റുവരെ പറഞ്ഞും എഴുതിയും നല്‍കിയ നിവേദനങ്ങളും പരാതികളും വെള്ളത്തില്‍ വരച്ച വരപോലെയാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടുതലും പട്ടിക ജാതിക്കാരാണ് ഇവിടുത്തെ താമസക്കാര്‍. മറ്റുവിഭാഗങ്ങളുമുണ്ട്. കായലിനോട് ചേര്‍ന്ന താഴ്ന്ന പ്രദേശമായതിനാല്‍ വേനല്‍കാലത്ത് പോലും വേലിയേറ്റം വന്ന് വീട്ടുമുറ്റത്തുപോലും ഉപ്പുവെള്ളം നിറയും. 

പ്രദേശത്തുള്ള ചെമ്മീന്‍ കമ്പനികളില്‍ നിന്നും മറ്റ് വ്യവസായ ശാലകളില്‍ നിന്നും കായലിലേക്ക് തള്ളുന്ന മലിനജലവും മറ്റു പാഴ് വസ്തുക്കളും നേരെ ഇവരുടെ വീട്ടുമുറ്റങ്ങളിലേക്കാണ് വരുന്നത്. മഴക്കാലത്ത് പ്രദേശം വെള്ളം കയറുന്നതോടൊപ്പം വീടിനകവും   മുങ്ങും. എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളുടെ അതിര്‍ത്തി മേഖലയിലായതിനാല്‍ രണ്ട് പഞ്ചായത്തുകളും ഇവിടുള്ളവരെ അവഗണിക്കുകയാണ്. വോട്ടര്‍ പട്ടിക പ്രകാരം എഴുപുന്ന പഞ്ചായത്ത് ഒമ്പതാം വാര്‍ഡിന്റെ ഭാഗമാണെന്നതിനാല്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം ഇവിടെയുള്ളവരെ തേടി സ്ഥാനാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടിക്കാരും വരാറുണ്ടെന്ന് അഭിരാമി പറഞ്ഞു. 

ജയിച്ച് കഴിഞ്ഞാല്‍ എല്ലാം പഴയ പടിയാകും. ചേര്‍ത്തല താലൂക്കിലാകെ കുടിവെള്ളം നല്‍കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി മൂന്ന് കൊല്ലം മുമ്പ് നടപ്പിലായപ്പോള്‍ ഇവിടുത്തുകാര്‍ സന്തോഷിച്ചു. തങ്ങള്‍ക്കും വെള്ളം കിട്ടുമെന്ന് സമാധാനിച്ചു. പക്ഷേ അങ്ങോട്ട് പൈപ്പുകള്‍ നീട്ടാനുള്ള ഫണ്ട് ഇല്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. ഇവിടത്തുകാര്‍ സ്വന്തമായി പൈപ്പുകള്‍ സ്ഥാപിച്ചാല്‍ പിന്നീട് ചെലവാക്കുന്ന തുകയുടെ ഒരുഭാഗം തരാമെന്നാണ് പഞ്ചായത്തുകാര്‍ പറയുന്നത്. പൈപ്പിടാനായി പതിനായിരക്കണക്കിന്  രൂപവേണമെന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് അഭിരാമി പറഞ്ഞു.

അരകിലോമിറ്റര്‍ ദൂരത്തിലുള്ള ചിറയില്‍ പലയിടത്തായി താമസിക്കുന്ന കൂലിപ്പണിക്കാരായ ഇവിടുത്തുകാര്‍ക്ക് അത്രയും തുക ചെലവാക്കാന്‍ കഴിയില്ല. അതിനൊക്കെയല്ലേ പഞ്ചായത്തുകളും സര്‍ക്കാരുകളും വികസന ഫണ്ടുകളുമൊക്കെയുള്ളതെന്ന് പ്രദേശ വാസിയായ കൃഷ്ണന്‍കുട്ടി ചോദിക്കുന്നു. അകലെയുള്ള കാക്കത്തുരുത്ത് കടത്തുവരെയാണ് പൈപ്പ് ലൈന്‍ വന്നിട്ടുള്ളത്. കാക്കത്തുരുത്തിലേക്ക് പോയ ജപ്പാന്‍ കുടിവെള്ള പൈപ്പിന്റെ പൊതുടാപ്പില്‍ നിന്നാണ് ചെറുവള്ളത്തില്‍ പോയി ഇവിടുത്തുകാര്‍ വെള്ളം ശേഖരിക്കുന്നത്. 

വെള്ളപ്പാത്രങ്ങള്‍ നിറച്ച വഞ്ചിയിലെ കായല്‍ യാത്രയില്‍ ഏത് നിമിഷവും വന്‍ ദുരന്തത്തിലേക്ക് നയിക്കാം. കഴിഞ്ഞ ദിവസം പ്രദേശവാസിയായ വീട്ടമ്മ ദ്വീപില്‍ നിന്ന് വെള്ളം ശേഖരിച്ച് ചെറുവഞ്ചിയില്‍ വരുന്നതിനിടെ അതുവഴി കടന്നുപോയ യന്ത്രവല്‍കൃതബോട്ട്  ഉണ്ടാക്കിയ ഓളത്തില്‍ വഞ്ചി മുങ്ങി. കരയില്‍ നോക്കി നിന്ന ബന്ധുക്കളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഓരുമുട്ടുകള്‍ കൂടി കടന്നുവേണം ചെളി നിറഞ്ഞ ഇടുങ്ങിയ നടവഴിയിലൂടെ ഓരോ വീട്ടിലേക്കും പോകുവാന്‍. റോഡ് നിര്‍മ്മിക്കണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കുടിവെള്ളത്തിനും വൃത്തിയുള്ള നടവഴിക്കുമായി തങ്ങള്‍ മുട്ടാത്ത വാതിലുകളില്ലെന്ന് നാട്ടുകാരായ അഖില്‍, മനോഹരന്‍ എന്നിവര്‍ പറഞ്ഞു. ഗ്രാമ സഭകളില്‍ നിരന്തരമായി വിഷയങ്ങള്‍ ഉന്നയിച്ചു. പഞ്ചായത്തില്‍ പരാതികള്‍ നല്‍കി. ജില്ലാ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും പരാതികള്‍ നല്‍കി. ഒടുവില്‍ ജില്ലാ കലക്ടര്‍ക്കും രണ്ടുമാസം മുമ്പ് പരാതി സമര്‍പ്പിച്ചു. 

ഒരു വാതിലും തങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടാത്ത സ്ഥിതിയാണെന്ന് അഖിലിന്റെ അമ്മൂമ്മ 87 കാരിയായ തങ്കമ്മ പറഞ്ഞു. നിത്യ രോഗിയായ തങ്കമ്മയ്ക്ക് രോഗം കലശലാകുന്ന സമയങ്ങളില്‍ വീടിന് മുന്നിലുള്ള തോടുകടക്കാന്‍ സ്വന്തമായി നിര്‍മിച്ച പാലമാണ് ആശ്രയം. രണ്ട് വര്‍ഷം കൂടുമ്പോള്‍ നാല് തെങ്ങുകള്‍ വീതം വിലയ്ക്ക് വാങ്ങി വെട്ടി തടിയാക്കിയാണ് പാലമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. വര്‍ഷാവര്‍ഷം പാലം പണി ഭാരിച്ച ചെലവായപ്പോള്‍ സ്ഥിരം പാലം നിര്‍മിച്ച് തരണമെന്ന ആവശ്യമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്നു പറഞ്ഞ് തിരിച്ചയച്ചു. 

വെള്ളവും വഴിയും പാലവും ഒന്നുമില്ലാത്തിടത്തേക്ക് വിവാഹാലോചനകളുമായി പോലും ആരും വരാതായപ്പോള്‍ അഖിലിന്റെ ചേച്ചിയുടെ വിവാഹവും നീണ്ടുപോയി. ജീവിക്കാന്‍ ഒരു തരത്തിലും കഴിയാതെ വന്ന ഒന്ന് രണ്ട് കുടുംബങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പോയി. ബാക്കിയുള്ള 12 വീടുകളില്‍ ജനങ്ങള്‍ ഏറ്റവും ഗതികെട്ട ജീവിതമാണ് നയിക്കുന്നത്. 

സമ്പൂര്‍ണ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുവാനാണ് പഞ്ചായത്ത് ശ്രമിക്കുന്നതെന്നും സ്വന്തം ചെലവില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിക്കുന്ന ജനറല്‍ വിഭാഗത്തിന് അയ്യായിരം രൂപയും പട്ടിക ജാതി പട്ടിക വിഭാഗത്തിന് 6500 രൂപയും ധനസഹായം നല്‍കുന്നുണ്ടെന്ന് എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ശ്യാമള കുമാരി പറഞ്ഞു. മുന്‍കൂറായി പണം നല്‍കി കുടിവെള്ള പദ്ധതി സ്ഥാപിക്കാന്‍ വകുപ്പില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക്; ദുബായിൽ വീണ്ടും ഡ്രോണ്‍ ആക്രമണം
ഇറാൻ്റെ കപ്പലുകളെ കടലിൽ മുക്കി, ആക്ടീവായി ഒന്ന് പോലും ബാക്കിയില്ലെന്ന് അമേരിക്ക; യുദ്ധഭൂമിയിലേക്ക് കൂടുതൽ സൈന്യം