ജീവിതത്തിലെ രണ്ട് പ്രധാന വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്തി യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. ഒരാൾ ഇന്ത്യനാണെന്നും മറ്റൊരാൾ പാകിസ്ഥാനിയാണെന്നും ജെ ഡി വാൻസ്. യുഎസ് - ഇറാൻ ചർച്ചയ്ക്കിടെ ആണ് വാൻസിൻ്റെ വെളിപ്പെടുത്തൽ.
ബർഗൻസ്റ്റോക്ക്: സ്വിറ്റസർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടക്കുന്ന യുഎസ് - ഇറാൻ ചർച്ചയ്ക്കിടെ തൻ്റെ ജീവിതത്തിലെ രണ്ട് പ്രധാന വ്യക്തികളെക്കുറിച്ച് പറഞ്ഞ് യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. ഒരാൾ ഇന്ത്യനാണെന്നും മറ്റൊരാൾ പാകിസ്ഥാനിയാണെന്നും പറഞ്ഞ വാൻസ്, ഇന്ത്യൻ തൻ്റെ ഭാര്യ ഉഷ വാൻസ് ആണെന്നും പാകിസ്ഥാനി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറാണെന്നും വെളിപ്പെടുത്തി. കഴിഞ്ഞ മൂന്നുമാസമായി മറ്റാരെക്കാളും കൂടുതൽ അസിം മുനീറുമായി സംസാരിച്ചിരുന്നതായും വാൻസ് വെളിപ്പെടുത്തി.
"ഇസ്ലാമാബാദിൽ പ്രധാനമന്ത്രിയോടൊപ്പം ഫീൽഡ് മാർഷൽ മുനീർ ഞങ്ങളെ സ്വാഗതം ചെയ്തതുമുതൽ, എന്റെ ജീവിതത്തിൽ വളരെ വളരെ പ്രധാനപ്പെട്ട രണ്ട് വ്യക്തികളുണ്ടെന്ന് ഞാൻ തമാശയായി പറയാറുണ്ട്. ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാനിയും. അതിൽ ഇന്ത്യക്കാരൻ എന്റെ ഭാര്യയും, പാകിസ്ഥാനി ഫീൽഡ് മാർഷൽ മുനീറുമാണ്"- ജെ ഡി വാൻസ് പറഞ്ഞു.
കഴിഞ്ഞ മൂന്നുമാസമായി മറ്റാരേക്കാളും കൂടുതൽ അസിം മുനീറുമായി സംസാരിച്ചതായും വാൻസ് പറഞ്ഞു. അസിം മുനീറിൻ്റെ നയതന്ത്രജ്ഞത ഇല്ലായിരുന്നെങ്കിൽ താൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം തീർച്ചയായും ഒരു മികച്ച സൈനിക നേതാവാണ്, അതിലുപരി ഒരു മികച്ച നയതന്ത്രജ്ഞനാണെന്നും തെളിയിച്ചിട്ടുണ്ട്. അസിം മുനീർ ഒരു അത്ഭുതകരമായ നേതാവുമാണെന്നും ജെ ഡി വാൻസ് പുകഴ്ത്തി.
സ്വിറ്റസർലൻഡിലെ ബർഗൻസ്റ്റോക്കിലുള്ള ആഡംബര റിസോർട്ടിൽ പാകിസ്ഥാൻ, ഖത്തർ പ്രതിനിധികളുടെ മധ്യസ്ഥതയിൽ യുഎസ് - ഇറാൻ ആദ്യഘട്ട ചർച്ച ആരംഭിച്ചതിനിടെ ആണ് ജെ ഡി വാൻസിൻ്റെ പ്രതികരണം. നമുക്ക് ഒന്നിച്ച് ഇനിയെത്രത്തോളം കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്നും നമുക്കൊരു പുതിയ തുടക്കം കുറിക്കാൻ കഴിയുമോ എന്നും വാൻസ് ചോദിച്ചു. നയതന്ത്രത്തിലൂടെ പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്ക് മാറ്റം വരുത്താനും സമാധാനം പ്രോത്സാഹിപ്പിക്കാനും ഒപ്പം എണ്ണയുടെ സുഗമമായ വിതരണം ഉറപ്പാക്കാനും തങ്ങൾ പ്രതീക്ഷിക്കുന്നുതായും വാൻസ് പറഞ്ഞു.
ഇറാനുമായുള്ള കൂടിക്കാഴ്ചയെ ചരിത്രപരമെന്നും വാൻസ് വിശേഷിപ്പിച്ചു. യുഎസും ഇറാനും തമ്മിൽ ഇതുവരെ ഇത്രയും ഉയർന്ന തലത്തിലുള്ള ഒരു കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഇറാനിലെ ജനങ്ങളുമായുള്ള നമ്മുടെ ബന്ധം മാറ്റിമറിച്ചുകൊണ്ട് ഒരു പുതിയ തുടക്കം കുറിക്കുക, ഒപ്പം സൗഹൃദത്തിന്റെ കൈനീട്ടുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ജെ ഡി വാൻസ് വ്യക്തമാക്കി.


