കാട്ടുതീ ഭീഷണി: വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങള്‍ ഭീതിയില്‍

By web deskFirst Published Mar 14, 2018, 2:51 PM IST
Highlights
  • വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ 97 സെറ്റില്‍മെന്റ് കോളനികളിലെ കുടുംബങ്ങളാണ് കടുത്ത ആശങ്കയില്‍ കഴിയുന്നത്. 

വയനാട്: കത്തുന്ന വേനലില്‍ തീപിടുത്തം വ്യാപകമായതോടെ വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ ആശങ്കയില്‍. വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ 97 സെറ്റില്‍മെന്റ് കോളനികളിലെ കുടുംബങ്ങളാണ് കടുത്ത ആശങ്കയില്‍ കഴിയുന്നത്. 

ചെട്ട്യാലത്തൂര്‍, പൊന്‍കുഴി, നരി മാന്തിക്കൊല്ലി, ഈശ്വര കൊല്ലി, മണ്ണുണ്ടി, തോല്‍പ്പെട്ടി തുടങ്ങിയ ആദിവാസി കോളനികളിലുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ് കഴിയുന്നത്. തേനിയില്‍ കാട്ടുതീയില്‍ അകപ്പെട്ട് നിരവധി പേര്‍ മരിച്ച പശ്ചാത്തലത്തില്‍ ഭീതിയോടെയാണ് തങ്ങള്‍ കഴിയുന്നതെന്ന് കുടുംബങ്ങള്‍ പറയുന്നു. അതേ സമയം കാട്ടിനുള്ളില്‍ താമസിക്കുന്ന ആദിവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
 
വനാവകാശ നിയമപ്രകാരം പുനരധിവാസം പോലും അട്ടിമറിക്കപ്പെട്ടതോടെ ചെട്ട്യാലത്തൂര്‍ മേഖലയിലെ ആദിവാസികള്‍ വീണ്ടും കാടുകളിലേക്ക് തന്നെ മടങ്ങിയത് ഒരുമാസം മുമ്പാണ്. എന്നാല്‍ ജില്ലയില്‍ വനത്തിനുള്ളിലും വനത്തോട് ചേര്‍ന്ന് കിടുകുന്നതുമായ ആദിവാസി കോളനികളെല്ലാം കാട്ടുതീയില്‍ നിന്നും സുരക്ഷിതമാണെന്ന നിലപാടിലാണ് വനം വകുപ്പ്. മിക്ക കോളനികളും വയലുകളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ കാട്ടുതീ ഉണ്ടായാല്‍ തന്നെ രക്ഷപ്പെടാന്‍ എളുപ്പമാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

തീ അണയാതെ വയനാട്

ജില്ലയിലെ ഫയര്‍ഫോഴ്‌സിന് വേനലെന്നാല്‍ വിശ്രമമില്ലാതെ ഓട്ടമാണ്. ദിവസവും നിരവധി ഫോണ്‍ വിളികളാണ് എത്തുന്നത്. പൊരിവെയിലില്‍ കരിഞ്ഞുണങ്ങിയ കുറ്റിക്കാടുകള്‍ക്ക് തീപിടിക്കുന്നത് വ്യാപകമാണ്. തിങ്കളാഴ്ച കല്‍പറ്റയിലും സമീപ  പ്രദേശങ്ങളിലുമായി മൂന്നിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അവസരോചിതമായി ഇടപെട്ടാണ് വന്‍ അഗ്‌നിബാധ ഒഴിവാക്കിയത്. മേപ്പാടി പുറ്റാടിയില്‍ ഒരേക്കര്‍ കാപ്പിത്തോട്ടം പൂര്‍ണമായും കത്തിനശിച്ചിരുന്നു.

മണിയങ്കോട് കോക്കുഴിയില്‍ പുഴയിറുമ്പിലെ കുറ്റിക്കാടുകളിലും തിങ്കളാഴ്ച അഗ്‌നിബാധയുണ്ടായി. തീരത്തെ മരങ്ങളും ചെടികളുമെല്ലാം കത്തി നശിച്ചു. വൈകുന്നേരം കല്‍പറ്റ ബൈപാസില്‍ മൈലാടിപ്പാറക്ക് സമീപം വൈദ്യുതിലൈന്‍ പൊട്ടിവീണ് കുറ്റിക്കാടിന് തീപിടിച്ചത് കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്നാണ് അണച്ചത്. റോഡരികിലെ കുറ്റിക്കാടുകളെല്ലാം ഉണങ്ങി നില്‍ക്കുന്നതിനാല്‍ തീപിടിക്കാനുള്ള സാധ്യതയേറെയാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആവശ്യത്തിന് വാഹനങ്ങളില്ലാത്തതിനാല്‍ എല്ലായിടത്തും ഓടിയെത്താന്‍ കഴിയാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

click me!