ആരവല്ലി മലനിരകളെക്കുറിച്ചുള്ള മുൻ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. ഖനനത്തിന് വഴിവെക്കുമെന്ന ആശങ്കയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഈ നടപടി. വിഷയം വിശദമായി പഠിക്കാൻ പുതിയ വിദഗ്ധ സമിതിയെ നിയോഗിക്കാനും കോടതി തീരുമാനിച്ചു.

ദില്ലി: ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട മുൻ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. പുതിയ വിദഗ്ധ സമിതിയെ നിയോഗിച്ച് കുന്നുകളുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താനാണ് തീരുമാനം. ജയ്‌പൂരിൽ യുവാക്കൾ നടത്തിയ വലിയ പ്രക്ഷോഭം മുഖവിലക്കെടുത്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിൻ്റെ ഇടപെടൽ. നൂറു മീറ്ററിൽ കൂടുതൽ ഉയരമുള്ള മൺകൂനയെ മാത്രമേ ആരവല്ലി കുന്നുകളായി കണക്കാക്കാനാകൂവെന്നും 500 മീറ്റർ പരിധിക്കുള്ളിൽ രണ്ട് കുന്നുകൾ വന്നാലേ മലനിരയായി പരിഗണിക്കേണ്ടതുള്ളൂവെന്നുമായിരുന്നു മുൻ ഉത്തരവ്.

ആരവല്ലി കുന്നുകൾക്ക് സുപ്രീംകോടതി നൽകിയ ഈ നിർവചനം വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ദില്ലി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളിലായി പടർന്നു കിടക്കുന്ന ആരവല്ലി കുന്നുകളിൽ അനിയന്ത്രിത ഖനനത്തിന് ഇത് ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. പലയിടങ്ങളിലും പരിസ്ഥിതി പ്രവർത്തകർ വൻ പ്രതിഷേധം ഉയർത്തി. കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ ഇതിന് പിന്തുണ നൽകി. ഇത് കണക്കിലെടുത്ത് സ്വമേധയാ വിഷയം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ അവധിക്കാല ബഞ്ച് കോടതിയുടെ മുൻ ഉത്തരവ് മരവിപ്പിച്ചത്.

കോടതിയുടെ നിർദ്ദേശങ്ങളും സർക്കാർ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടും ഒട്ടേറെ ആശങ്കയ്ക്ക് ഇടയക്കിയിട്ടുണ്ട് എന്ന് കോടതി സമ്മതിച്ചു. അതിനാൽ ഖനനം അടക്കം വിഷയങ്ങളിൽ എങ്ങനെ ഇത് പ്രത്യാഘാതം ഉണ്ടാക്കും എന്നത് പഠിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പരിസ്ഥിതിയെ ബാധിക്കുന്ന ഒന്നും അംഗീകരിക്കാനാവില്ല. പുതിയ വിദഗ്ധസമിതിക്ക് രൂപം നൽകുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇതിനുള്ള പേരുകൾ നൽകാൻ സോളിസിറ്റർ ജനറലിനോടും കേസിലെ അമിക്കസ് ക്യൂറിയായിരുന്ന പിഎസ് പരമേശ്വറിനോടും നിർദ്ദേശിച്ചു. ഖനനത്തിന് പുതിയ അനുമതി നൽകരുതെന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നുവെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. വിധി സ്വാഗതാർഹമെന്ന് വനംപരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവ് വ്യക്തമാക്കി. കേന്ദ്രസർക്കാരിൻറെ നിലപാടിനേറ്റ തിരിച്ചടിയാണിതെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാവ് ജയറാം രമേശ് ഭുപേന്ദർ യാദവ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.