മുക്കുപണ്ടം പണയം വച്ച് പണം തട്ടി മുങ്ങി; യുവതിയെ പൊലീസ് പിടികൂടി

By Web DeskFirst Published Mar 21, 2018, 6:35 PM IST
Highlights
  • ബാങ്കിനെ കബളിപ്പിച്ച് തട്ടിയത് ഒന്നേകാല്‍ ലക്ഷം രൂപ
  • മുങ്ങിയ പ്രതിയെ പിടികൂടിയത് തൃശ്ശൂരില്‍ നിന്ന്

തൃശൂര്‍: ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടി രക്ഷപെട്ട പ്രതി പൊലീസ് പിടിയിലായി. തൃശ്ശൂര്‍ മണ്ണൂത്തി സ്വദേശി സുബൈദയെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. കഴി‍ഞ്ഞമാസം ഇരുപത്തിമൂന്നാം തീയതിയാണ് സുബൈദ വളാഞ്ചേരി ഫെഡറല്‍ ബാങ്ക് ശാഖയില്‍ സ്വര്‍ണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ചത്. പണയം വച്ച് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ഇവര്‍ വായ്പ്യായി ബാങ്കില്‍ നിന്ന് വാങ്ങി.

സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിക്കാൻ അപ്രൈസര്‍ ബാങ്കില്‍ ഇല്ലാത്ത ദിവസം നോക്കിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. പിറ്റെ ദിവസം അപ്രൈസര്‍ എത്തി പരിശോധിച്ചതില്‍  മുക്കുപണ്ടമെന്ന് സ്ഥരീകരിച്ചു. ഉടൻ തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇവര്‍ വളാഞ്ചേരിയില്‍ നിന്നും താമസം മാറിപോയിരുന്നു. മൊബൈല്‍ഫോണും  ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുബൈദയെ തൃശ്ശൂര്‍ മണ്ണൂത്തിയില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.

മതം മാറി സുബിദയെന്ന പേര് സ്വീകരിച്ച് മണ്ണൂത്തിയില്‍ കഴിയുകയായിരുന്നു സുബൈദ.  ചോദ്യം ചെയ്യലില്‍  മറ്റ് ചില പണമിടപാടുസ്ഥാപനങ്ങളിലും വ്യാജസ്വര്‍ണ്ണം പണയം വച്ച് പണം തട്ടിയിട്ടുണ്ടെന്ന് സുബൈദ പൊലീസ് പറഞ്ഞു. ഇക്കാര്യവും എവിടെ നിന്നാണ് ഇവര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളെന്ന് തോന്നുന്ന വിധത്തിലുള്ള മുക്കുപണ്ടങ്ങള്‍ കിട്ടിയത്, തട്ടിപ്പിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

click me!