ക്രിമിനൽ അന്വേഷണങ്ങളിലും ഡിജിറ്റൽ ഫൊറൻസിക് രംഗത്തും ഉപയോഗിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുകയാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം. 

കൊച്ചി: കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ വികസിപ്പിച്ച ‘സിസ്റ്റം ആൻഡ് മെത്തേഡ് ഫോർ ജനറേറ്റിംഗ് ഡിജിറ്റൽ ഫിംഗർപ്രിന്റ് ഓഫ് എ ഡിജിറ്റൽ എവിഡൻസ്’ എന്ന നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചു. ക്രിമിനൽ അന്വേഷണങ്ങളിലും ഡിജിറ്റൽ ഫൊറൻസിക് രംഗത്തും ഉപയോഗിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുകയാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം.

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ തെളിവുകൾ കൈകാര്യം ചെയ്യുന്നതിലെ കൃത്യതയും സുരക്ഷയും നിർണായകമാകുകയാണ്. ഈ പശ്ചാത്തലത്തിൽ, അന്വേഷണ ഏജൻസികൾക്കും ഫൊറൻസിക് വിദഗ്ധർക്കും കൂടുതൽ വിശ്വസനീയവും മാറ്റം വരുത്താനാകാത്തതുമായ ഡിജിറ്റൽ തെളിവുകൾ ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാകും. ഡിജിറ്റൽ തെളിവുകളുടെ സ്രോതസ്സും സമഗ്രതയും സംരക്ഷിക്കുന്നതിലൂടെ നിയമപരമായ അന്വേഷണങ്ങളിൽ അതിന്റെ പ്രാധാന്യം കൂടുതൽ ശക്തമാക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

കുസാറ്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ സൈബർ ഇന്റലിജൻസ് റിസർച്ച് ലബോറട്ടറി സീനിയർ റിസർച്ച് ഫെലോ വിജിത് ടി.കെ. തെക്കേകൂടത്തിൽ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി പ്രൊഫ. എം.ബി. സന്തോഷ് കുമാർ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എമേരിറ്റസ് പ്രൊഫ. കെ.വി. പ്രമോദ്, സൈബർ ഇന്റലിജൻസ് റിസർച്ച് ലാബ് റിസർച്ച് സ്കോളർ ബി. സുകൃത് എന്നിവർക്കാണ് പേറ്റന്റ് ലഭിച്ചത്.

അക്കാദമിക് ഗവേഷണം പ്രായോഗിക നിയമ–അന്വേഷണ രംഗത്തേക്ക് ഫലപ്രദമായി എത്തിക്കുന്നതിന്റെ ഉദാഹരണമായ ഈ നേട്ടം, ഡിജിറ്റൽ ഫൊറൻസിക് മേഖലയിലെ രാജ്യത്തിന്റെ ഗവേഷണ ശേഷിയും നവീകരണ സാധ്യതകളും വ്യക്തമാക്കുന്നതാണെന്ന് വിദഗ്ദധർ അഭിപ്രായപ്പെട്ടു.