ആന്ധ്രയില്‍ നിന്നുള്ള മീനില്‍ ഫോര്‍മലിന്‍; ഇറക്കുമതി നിര്‍ത്തിവച്ച് അസം

By Web DeskFirst Published Jul 12, 2018, 10:27 AM IST
Highlights
  • കേരളത്തില്‍ ഫോര്‍മലിന്‍ കലര്‍ന്ന മീന്‍ കണ്ടെത്തിയപ്പോള്‍ തന്നെ പരിശോധന തുടങ്ങി
  • അതത് സംസ്ഥാനങ്ങള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂവെന്നും അസം

ഗുവാഹത്തി: രാസപരിശോധനയില്‍ മീനില്‍ ഫോര്‍മലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത 10 ദിവസത്തേക്ക് സംസ്ഥാനത്തേക്കുള്ള മീന്‍ ഇറക്കുമതി അസം സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ആന്ധ്രയില്‍ നിന്ന് ഇറക്കുമതി ചെയ്ത മീനിലാണ് ഫോര്‍മലിന്‍ കണ്ടെത്തിയത്.

കേരളത്തില്‍ ഫോര്‍മലിന്‍ കലര്‍ത്തിയ മീന്‍ കണ്ടെത്തിയത് വാര്‍ത്തയായപ്പോള്‍ തന്നെ മീന്‍ പരിശോധനയ്ക്ക് അയച്ചിരുന്നുവെന്നും ഫലം ഇപ്പോഴാണ് വന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 'ജൂണ്‍ 29നാണ് ആന്ധ്രയില്‍ നിന്നെത്തിയ മീന്‍ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചത്, ഫോര്‍മലിന്‍ കലര്‍ന്നിട്ടുണ്ടെന്ന ഫലം ലഭിച്ചിട്ടുണ്ട്. ഇനി വിഷം കലരാത്ത മീനാണെന്ന് അതത് സംസ്ഥാനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇറക്കുമതി തുടരൂ'- ആരോഗ്യ മന്ത്രി പീയുഷ് ഹസാരിക പറഞ്ഞു. 

ഫോര്‍മലിന്‍ കലര്‍ന്ന മീന്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടുണ്ടെന്നും ശക്തമായ പരിശോധന തുടരുമെന്നും സംസ്ഥാനത്തെ ഭക്ഷ്യ വകുപ്പും അറിയിച്ചു. നിരോധനം മറികടന്ന് ആരെങ്കിലും ഫോര്‍മലിന്‍ കലര്‍ന്ന മീന്‍ വില്‍പന നടത്തുന്നതായി കണ്ടെത്തിയാല്‍ 2 മുതല്‍ 7 വര്‍ഷം വരെ തടവിനും, കനത്ത പിഴയ്ക്കും വിധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച ആയിരക്കണക്കിന് കിലോ മീനില്‍ നിന്ന് ഫോര്‍മലിന്‍ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അസമിലും സമാനമായ സംഭവമുണ്ടായിരിക്കുന്നത്. ഫോര്‍മലിന്‍ കലര്‍ന്ന മീന്‍ വിപണിയില്‍ സജീവമാണെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മീന്‍ കയറ്റുമതി ഭാഗികമായി നിലച്ച പല പ്രദേശങ്ങളും ഇതോടെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്.
 

click me!