സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ടി.പി. സെന്‍കുമാര്‍

Published : Mar 25, 2017, 11:18 AM ISTUpdated : Oct 05, 2018, 03:34 AM IST
സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ടി.പി. സെന്‍കുമാര്‍

Synopsis

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംങ്മൂലത്തിന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ രേഖാമൂലം മറുപടി നല്‍കി. ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഡി.ജി.പിയെ മാറ്റിയത് എന്ന സര്‍ക്കാര്‍ വാദത്തിന് ശാസ്ത്രീയമായ തെളിവില്ലെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു. 

താന്‍ രാഷ്ട്രീയ എതിരാളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ സെന്‍കുമാര്‍ ആരോപിക്കുന്നു. കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥനായതുകാണ്ടും ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനുമാണ് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയതെന്നായിരുന്നു സുപ്രീംകോടതിയിലെ സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി. 

അതിനെതിരെയാണ് സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം സമര്‍പ്പിച്ചത്. ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നതിന് സര്‍ക്കാരിന്റെ പക്കല്‍ ശാസ്ത്രീയമായ ഒരു തെളിവും ഇല്ല. ജിഷ വധക്കേസ്, പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം എന്നിവയിലെ വീഴ്ചകളാണ് തന്നെ മാറ്റിയതിന് സര്‍ക്കാര്‍ പ്രധാനമായും കാരണാക്കുന്നത്.  എന്നാല്‍ ജിഷ വധക്കേസിലെ അന്വേഷണത്തിലെ വീഴ്ചയല്ല ഡി.ജി.പിയെ മാറ്റാന്‍ കാരണമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ രേഖകള്‍ സെന്‍കുമാര്‍ സത്യവാംങ്മൂലത്തോടൊപ്പം നല്‍കി. 

പുറ്റിങ്ങല്‍ ദുരന്തത്തില്‍ പൊലീസിനുണ്ടായ വീഴ്ച ഡി.ജി.പി മറച്ചുവെച്ചു എന്നതിനും തെളിവില്ല, അതിന്റെ പേരില്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ 13 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജിപിയെ മാറ്റിയതെന്ന സര്‍ക്കാരിന്റെ വാദവും തെറ്റാണ്. 

മന്ത്രിസഭ അങ്ങനെ ഒരു തീരുമാനം എടുത്തതായി മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുന്നു. സെന്‍കുമാര്‍ കേസ് തിങ്കളാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ