
മൊഹാലി: മകളുടെ സഹപാഠിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയതിന് പഞ്ചാബിലെ അകാലിദൾ നേതാവിനെതിരെ കേസ്. മുൻ കൃഷിമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായ സുച്ചാസിംഗ് ലഗായ്ക്കെതിരെയാണു വനിതാ കോണ്‍സ്റ്റബിൾ ആരോപണവുമായി രംഗത്തെത്തിയത്. തന്നെ പീഡിപ്പിക്കുന്നതിന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളും പെൻഡ്രൈവിൽ യുവതി പോലീസിനു കൈമാറി. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴന്പുണ്ടെന്നു വ്യക്തമായതോടെ സുച്ചാസിംഗിനെതിരെ പോലീസ് കേസെടുത്തു.
എട്ടു വർഷമായി സുച്ചാസിംഗ് തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയായിരുന്നുവെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി. 2009ൽ അകാലിദൾ മന്ത്രിസഭയിൽ സുച്ചാസിംഗ് കൃഷിമന്ത്രിയായിരുന്നു. പഞ്ചാബ് പോലീസിൽ കോണ്‍സ്റ്റബിളായിരുന്നു യുവതിയുടെ ഭർത്താവ് സർവീസിലിരിക്കെ മരണമടഞ്ഞതിനെ തുടർന്ന് ആശ്രിതനിയമനം ആവശ്യപ്പെട്ടാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതി മന്ത്രിയെ കണ്ടത്. ഇതിനുശേഷമാണ് പീഡനം ആരംഭിച്ചത്. സുച്ചാസിംഗിന്റെ മകളുടെ സഹപാഠിയാണു താനെന്ന വാദം പോലും മന്ത്രി പരിഗണിച്ചില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
ഒഴിഞ്ഞു മാറാൻ ശ്രമിച്ചെ തന്നെ ബിഹാറിലെയും ഉത്തർപ്രദേശിലെയും ഗൂണ്ടകളുമായി നല്ലബന്ധമുള്ള സുച്ചാസിംഗ് കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു. തന്റെ പേരിലുള്ള ഭൂമി ഭീഷണിപ്പെടുത്തി വിറ്റതായും ഇതിൽ നിന്ന് 30 ലക്ഷം രൂപ സുച്ചാസിംഗ് തട്ടിയെടുത്തതായും പരാതിയിലുണ്ട്.
പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കവെയാണ് സുച്ചാസിംഗിനെതിരായ ആരോപണം ഉയർന്നിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പു സമയത്ത് എതിരാളികൾ പക പോക്കാൻ യുവതിയെ ഉപയോഗപ്പെടുത്തുകയാണെന്നും പരാതി വ്യാജമാണെന്നും സുച്ചാസിംഗ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam