
തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിൻറെ കൊലപാതക കേസ് നിർണായക വഴിത്തിരിവിലേക്ക്. ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഷംസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്ക് ആയുധമെത്തിച്ച സ്വാതി സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തതോടെ പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
സ്ഫ്ടികം എന്നു വിളിപ്പേരുള്ളയാളാണ് ആയുധങ്ങള്‍ ക്വട്ടേഷൻ സംഘത്തിന് നൽകിയതെന്ന സൂചനയാണ് പൊലീസ് ലഭിച്ചത്. ഗൂഡാലോചോനയിൽ പങ്കെടുത്ത ബംഗളൂരിലെ എഞ്ചിനിയർ യാസിർ പിടിയിലായതോടെയാണ് സ്ഫടികമെന്നു വിളിക്കുന്ന സ്വാതി സന്തോഷിനെ കുറിച്ച് പൊലീസ് വ്യക്തമായ വിവരം ലഭിക്കുന്നത്.
വിദേശത്തു നിന്നെത്തിയ ക്വട്ടേഷൻ സംഘത്തിലെ അപ്പുണ്ണിയാണ് കുണ്ടറ സ്വദേശിയായ സന്തോഷിനെ സഹായത്തിനായി കൂട്ടുന്നത്. കൊല്ലപ്പെട്ട രാജേഷിൻറെ വീടും സ്റ്റുഡിയോയുമെല്ലാം ക്വട്ടേഷൻ സംഘത്തിന് കാണിച്ചുകൊടുത്തതും ആയുധങ്ങള്‍ തരപ്പെടുത്തി നൽകിയതും സ്വാതി സന്തോഷാണ്.
കൊലപാതകത്തിന് ശേഷം ബംഗളൂരിലെ യാസിർ ബെക്കറിന്‍റെ വീട്ടിലേക്ക് സ്വാതി സന്തോഷും പോയിരുന്നു.
ഇതോടെ കേസില്‍ മൂന്നുപേർ അറസ്റ്റിലായി. രാജേഷിനെ വെട്ടിയവരിലെ മൂന്നാമനായ കായംകുളം സ്വദേശി ഷംസീറിനെയും കസ്റ്റഡയിലെടുത്തിട്ടുണ്ട്. ക്വട്ടേഷൻ നൽകിയത് ഖത്തിറലെ വ്യവസായി സത്താറാണെനന് തെളിയിക്കുന്നതിന് വ്യക്തമായ രേഖകള്‍ ലഭിച്ചുകഴിഞ്ഞതായി പൊലീസ് പറഞ്ഞു.
കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമായെന്ന് കരുതുന്ന സത്താറിന്‍റെ മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍ പൊലീസിന് ആശയ കുഴപ്പം ഉണ്ടാക്കിയെങ്കിലും അന്വേഷണം ശരിയായ ദിശയിലാണെന്ന് പൊലീസ് പുതിയ അറസ്റ്റോടെ ഉറപ്പിച്ചു. രാജേഷുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ കൊലപാതകത്തില്‍ സത്താറിന് പങ്കുള്ളതായി സംശയിക്കുന്നില്ലെന്ന തരത്തില്‍ ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam