ലൈംഗികാരോപണം നേരിട്ട മുൻ കർദിനാളിനെ മാ‍ർപാപ്പ സംരക്ഷിച്ചെന്ന് ആരോപണം

By Web TeamFirst Published Aug 27, 2018, 7:14 AM IST
Highlights

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാത്തത് വേദനാജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്കെതിരെ സഭയ്ക്കകത്ത് നിന്നുള്ള അപ്രതീക്ഷിത നീക്കം. 

വത്തിക്കാന്‍: ലൈംഗികാരോപണം നേരിട്ട വാഷിംഗ്ടൺ മുൻ കർദിനാൾ തിയോഡർ മക്‍കാരിക്കിനെ മാ‍ർപാപ്പ സംരക്ഷിച്ചെന്ന് ആരോപണം. വത്തിക്കാനിലെ മുൻ പ്രതിനിധിസഭ അംഗമായ ആർച്ച് ബിഷപ്പാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. മാർപാപ്പ രാജിവയ്ക്കണണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാത്തത് വേദനാജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്കെതിരെ സഭയ്ക്കകത്ത് നിന്നുള്ള അപ്രതീക്ഷിത നീക്കം. വത്തിക്കാനിലെ മുൻ പ്രതിനിധി സഭാംഗമാണ് പോപ്പിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. 

ലൈംഗികാരോപണത്തെ തുടർന്ന് രാജിവച്ച ക‍ർദിനാൾ തിയോഡർ മക്‍കാരിക്കിനെ ഫ്രാൻസിസ് മാർപാപ്പ സംരക്ഷിച്ചുവെന്നാണ് ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോയുടെ ആരോപണം. പുരോഹിതരോടും അച്ഛൻ പട്ടത്തിന് പഠിക്കുന്നവരോടുമുള്ള കർദിനാളിന്റെ മോശം പെരുമാറ്റം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാർപാപ്പ അവഗണിച്ചുവെന്നാണ് ആ‍ർച്ച് ബിഷപ്പ് ഉന്നയിക്കുന്നത്. ക‍ർദിനാളിനെതിരെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്ത നടപടികൾ പോപ്പ് റദ്ദാക്കിയെന്ന ഗുരുതര ആരോപണവും ബിഷപ്പ് കാർലോ മരിയ വിഗാനോ ഉന്നയിച്ചിട്ടുണ്ട്. 

ക്രൈസ്തവ സഭ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സ്വയം രാജിവച്ച് മാതൃകയാകണമെന്നും പതിനൊന്ന് പേജുള്ള കുറിപ്പിലൂടെ ആർച്ച് ബിഷപ്പ് വിഗാനോ പോപ്പിനോട് ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങളോട് ഫ്രാൻസിസ് മാർപാപ്പയോ വത്തിക്കാൻ വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അയർലൻഡ് സന്ദർശനത്തിനിടെ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പോപ്പ് നിലപാട് വ്യക്തമാക്കിയ വേളയിൽ തന്നെ അദ്ദേഹത്തിന്റെ രാജി ആവശ്യമുയർന്നത് കത്തോലിക്കാ സഭയെ ഞെട്ടിച്ചിട്ടുണ്ട്.

click me!