
പെരിയ ( കാസര്‍കോട്) : പാചകതൊഴിലാളികളെ പിരിച്ച് വിടാനുള്ള കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. നാല്‍പ്പത് വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാല ആസ്ഥാനം ഉപരോധിച്ച് നിരാഹാരസമരം നടത്തുന്നത്. നേരത്തെ നിരാഹാര സമരം നടത്തിയിരുന്ന നാല് വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്നാണ് നാല്പ്പത് വിദ്യാര്‍ത്ഥികള്‍ സമരത്തിന് തയ്യാറായത്. വൈസ് ചാന്‍സിലര്‍ ഉള്ളപ്പോള്‍ രജിസ്ട്രാറുണ്ടാവില്ല. രജിസ്ട്രാറുണ്ടാകുമ്പോള്‍ വൈസ്ചാന്‍സിലര്‍ ഉണ്ടാവില്ല. പ്രശ്‌നത്തിന് പരിഹാരം കാണാനോ ചര്‍ച്ച നടത്താനോ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് സര്‍വ്വകലാശാല കാവാടത്തില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങിയത്. പ്രശ്‌നത്തിന് പരിഹാരമാവാത്തതോടെ സമരം ക്യാമ്പസിനകത്തേക്ക് മാറ്റി. വൈസ് ചാന്‍സിലറുടേയും രജിസ്ട്രാറുടേയും ഓഫീസ് ഉപരോധിച്ചാണ് സമരം. മൂന്ന് ഹോസ്റ്റലുകളിലായുള്ള 15 പാചക തൊഴിലാളികളെയാണ് പിരിച്ച് വിടുന്നത്. എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ഒരുക്കുന്ന ഇവരെ പിരിച്ച് വിടുന്നതോടെ ഹോസ്റ്റലിലെ ഭക്ഷണ വിതരണം അനിശ്ചിതത്വത്തിലാകുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
യു.ജി.സി അംഗീകരിച്ചിട്ടുള്ള തസ്തികയ്ക്കും അധികമുള്ള തൊഴിലാളികളെയാണ് പിരിച്ച് വിടുന്നതെന്നാണ് സര്‍വ്വകാലാശാല അധികൃതരുടെ മറുപടി. മറ്റ് ഡിപ്പാര്‍ട്ടുമന്റുകളിലും ഇതുപോലെ അധികമുള്ള ജീവനക്കാരെ പിരിച്ച് വിടുമെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. സര്‍വ്വകലാശാലയിലെ അനധികൃത നിയമനത്തെക്കുറിച്ച് നേരത്തെ വിദ്യാര്‍ത്ഥികള്‍ മാനവവിഭവശേഷി മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും യുജിസിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അധിക ജീവനക്കാരെ പിരിച്ചുവിടാന്‍ യുജിസി നിര്‍ദ്ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ പ്രശ്‌നമാകുന്ന രീതിയില്‍ ഹോസ്റ്റലിലെ പാചത്തൊഴിലാളികളെയാണ് അധിക തൊഴിലാളികളെന്ന നിലയില്‍ സര്‍വ്വകാലാശാല പിരിച്ചുവിടുന്നത്.
പാചകത്തൊഴിലാളികളെ പിരിച്ചു വിടുന്നതിന് പകരമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം കാറ്ററിങ്ങ് സര്‍വ്വീസിനെ ഏല്‍പ്പിക്കുമെന്നും ഇതിന് ചിലവാകുന്ന പണം വിദ്യാര്‍ത്ഥികള്‍ അടയ്ക്കണമെന്നുമാണ് സര്‍വ്വകലാശാലയുടെ നയം. എന്നാല്‍ ഇത് കൂടുതല്‍ അഴിമതിക്ക് അവസരമൊരുക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇപ്പോള്‍ തന്നെ ഒരു റൂമിന് സെമസ്റ്ററില്‍ 2000 - 3000 രൂപയാണ് വാടക. രണ്ടു പേരുടെ മുറിയില്‍ മൂന്നും നാലും പേരാണ് താമസിക്കുന്നത്. കൂടാതെ ഭക്ഷണത്തിനായി മാസത്തില്‍ 1500-2000 രൂപവരെ ഈടാക്കുന്നു. ഇതിന് പുറമേ ഭക്ഷണം കാറ്ററിങ്ങ് സര്‍വ്വീസിനെ ഏല്‍പ്പിച്ചാലുണ്ടാകുന്ന അധിക സാമ്പത്തീക ബാധ്യത വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കേണ്ടിയും വരും.
ഇതിനൊക്കെ പുറമേ എഴുപത് താല്‍ക്കാലിക തൊഴിലാളികളെ നിലനിര്‍ത്താമെന്ന് യുജിസി പറയുന്നു. എന്നാല്‍ അധിക ജീവനക്കാരുള്ള സെക്യൂരിറ്റി സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്, മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലെ അധിക ജീവനക്കാര്‍ എന്നിവരെ പുറത്താക്കാതെ, സര്‍വ്വകലാശാല ആരംഭിച്ച കാലം മുതലുള്ള പാചകത്തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള സര്‍വ്വകലാശാലയുടെ നടപടിയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കുടാതെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം ഗവേഷണത്തിനുള്ള സാഹചര്യമുണ്ടെന്നിരിക്കെ നാല് വര്‍ഷം കൊണ്ട് ഗവേഷണം നിര്‍ത്തണമെന്നാണ് സര്‍വ്വകലാശാലയുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൂടുതല്‍ സമയം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുജിസി തന്നെ അതിന് സൗകര്യം ചെയ്യുമ്പോള്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ മാത്രമാണ് ഈ വിചിത്ര നിയമമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അടുത്ത വര്‍ഷം പിജി കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികളുടെ സീറ്റുകളില്‍ വര്‍ദ്ധനയുണ്ടാകുമെന്നിരിക്കെ നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസത്തിനോ ഭക്ഷണത്തിനോയുള്ള സൗകര്യം ചെയ്യുന്നതില്‍ സര്‍വ്വകലാശാല പരാജയപ്പെട്ടതായും അടുത്ത അദ്ധ്യയന വര്‍ഷം കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam