
തൃശൂര്‍: വലപ്പാട് മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയില്‍ നിന്ന് പത്തുലക്ഷം കവര്‍ന്ന നാല് യുവാക്കള്‍ അറസ്റ്റില്‍. അരലക്ഷം രൂപ കൂടി തട്ടിയെടുക്കാനുളള നീക്കത്തിനിടെയാണ് നാലംഗം സംഘം കുടുങ്ങിയത്. വലപ്പാട് സ്വദേശികളായ ആദിത്യന്‍, അജൻ, തളിക്കുളം സ്വദേശികളായ ആദില്‍, അശ്വിന്‍, എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ഫോണില്‍ സൗഹൃദം സ്ഥാപിച്ചാണ് നാലംഗസംഘം വീട്ടമ്മയെ തട്ടിപ്പിന് ഇരയാക്കിയത്.
പ്രതികള്‍ വീട്ടമ്മയുമായി മൊബൈ ല്‍ഫോണില്‍ വീഡിയോ ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. ചാറ്റിങ്ങിനിടെ യുവതിയുടെ ഫോട്ടോ യുവാക്കള്‍ സ്ക്രീന്‍ഷോട്ട് ചെയ്തെടുത്തു. ഇത് മോര്‍ഫ് ചെയ്ത് പണം തട്ടിയെടുക്കാൻ പദ്ധതി തയ്യാറാക്കി. ഇതിനായി പുതിയ നമ്പര്‍ എടുത്ത് അജ്ഞാതനെന്ന നിലയില്‍ നാലംഗസംഘം വാട്സ് ആപ്പ് മുഖേന സന്ദേശം യുവതിക്ക് അയച്ചു. മോര്‍ഫ് ചെയ്ത നഗനചിത്രങ്ങളും അയച്ചു. യുവതി സത്യാവസ്ഥ അറിയാതെ പ്രതികളായ തന്‍റെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. അജ്ഞാതന്‍ അയച്ച സന്ദേശം ശരിയാണെന്നും അയാളെ അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും പ്രതികള്‍ വീട്ടമ്മയെ വിശ്വസിപ്പിച്ചു.
തുടര്‍ന്ന് പല തവണകളായി സ്വര്‍ണ്ണാഭരണങ്ങളും, പണവും ഉള്‍പ്പെടെ പത്തുലക്ഷത്തോളം രൂപ യുവാക്കള്‍ കൈക്കലാക്കി. തട്ടിപ്പിന് ശേഷം ആര്‍ഭാടജീവിതമാണ് പ്രതികള്‍ നയിച്ചത്. തട്ടിയെടുത്ത പണംകൊണ്ട് പ്രതികളില്‍ ഒരാളായ ആദിലിന്‍റെ പേരില്‍ കാറും സ്വന്തമാക്കി. ഇതിനിടെ അരലക്ഷം രൂപയും കൂടി യുവതിയില്‍ നിന്ന് തട്ടാനുള്ള ശ്രമമാണ് യുവാക്കളെ കെണിയില്‍ പെടുത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വലപ്പാട് എസ്.എച്ച്.ഒ ടി.കെ.ഷൈജുവിന്‍റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപവും നല്‍കി.
ഇതിനിടെ പണം ആവശ്യപ്പെട്ട നാല് യുവാക്കളെ പൊലീസ് യുവതിയുടെ വീടിനടുത്ത് തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി. യുവാക്കള്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് അമ്പതിനായിരം രൂപയുടെ ആകൃതിയില്‍ പത്രം മുറിച്ച് പൊതിഞ്ഞ് വെച്ചിരുന്നു. ഇതെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പ്രത്യേക അന്വേഷണ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മൊബൈല്‍ഫോണിന്‍റെ കൃത്യമായ ഉപയോഗം അറിയാതെ ഒട്ടേറെ സ്ത്രീകള്‍ ചതിയില്‍പ്പെടുകയാണെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പുഷ്ക്കരന്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam