
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ തടസ്സമായില്ല; 4 മാസം പ്രായമുള്ള റോഹന്‍ ചികിത്സക്കായി പാകിസ്ഥാനില്‍ നിന്ന് ദില്ലിയിലെത്തി
ദില്ലി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സമയോജിത ഇടപെടലില്‍ സ്വന്തം മകന്റെ ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍ പൗരനായ കന്‍വാല്‍ സാദിഖ്. ഹൃദയത്തില്‍ ദ്വാരത്തിന് പുറമേ ഹൃദയത്തിലേക്ക് എത്തുന്ന മഹാധമനിയും സിരയും എതിര്‍ വശത്തായി പോകുന്ന അപൂര്‍വ്വ രോഗവുമായാണ് റോഹന്‍ ജനിച്ചുവീണത്. നാല് മാസത്തിനകം വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയാല്‍ 100 ശതമാനം പരിഹരിക്കപ്പെടാവുന്ന അസുഖം കൂടിയായിരുന്നു അത്. സ്വന്തം രാജ്യത്ത് മതിയായ സൗകര്യമില്ലെന്ന് മനസിലാക്കിയാണ് ദില്ലിയിലെ ജെയ്‍പീ ആശുപത്രിയില്‍ പോയി ചികിത്സിക്കാന്‍ പാകിസ്ഥാനിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും ഭീതിയും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കിയപ്പോള്‍ മെഡിക്കല്‍ വിസ ലഭിക്കാനുള്ള എല്ലാ വഴികളും റോഹന്റെ കുടുംബത്തിന് മുന്നില്‍ അടഞ്ഞു. റോഹന് നാല് മാസം ആയപ്പോഴാണ് അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഉടന്‍ കുട്ടിയുടെ ജീവന്‍ നഷ്ടമാകുമെന്ന് മനസിലാക്കി പിതാവ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്, എന്റെ പൂമൊട്ട് ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്നു. സര്‍താജ് അസീസോ അതോ സുഷമ സ്വരാജോ ആര്‍ക്കെങ്കിലും എന്നെ സഹായിക്കാന്‍ കഴിയുമോ? ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉടന്‍ പ്രതികരിച്ചു. ഇല്ല, കുഞ്ഞ് ഒരിക്കലും കഷ്ടപ്പെടില്ല. ദയവായി പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടുക. ഞങ്ങള്‍ അവന് മെഡിക്കല്‍ വിസ നല്‍കും.
അതോടെ കാര്യങ്ങള്‍ എളുപ്പമായി. കഴിഞ്ഞ ദിവസം വാഗാ അതിര്‍ത്തി വഴി റോഹനും കുടുംബവും ഇന്ത്യയിലെത്തി. ജെയ്‍പീ ആശുപത്രിയില്‍ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അശുതോഷ് മര്‍വ, പ്രമുഖ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. രാജേഷ് ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് റോഹന്റെ ചികിത്സ നടക്കുന്നത്. വരുന്ന പതിനഞ്ചാം തീയ്യതി തന്നെ ശസ്ത്രക്രിയ നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam