
ബര്‍ദ്വാന്‍: ‘കുപ്പിയില്‍ ഭൂത’മുണ്ടെന്ന് കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചതിന് പൊലീസ് ഡ്രൈവറടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുന്ന ജിന്നാണെന്നും 10 ലക്ഷം രൂപയ്ക്ക് നല്‍കാം എന്നും പറഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയ്ക്കടുത്ത ബഗിയാട്ടി സ്വദേശി തപസ് റോയ് ചൗധരിക്കാണ് ഇവര്‍ കുപ്പിയിലടച്ച ഭൂതത്തെ വില്‍ക്കാന്‍ ശ്രമിച്ചത്. ചോദിച്ചാല്‍ എന്തും നല്‍കുന്ന ഒരു ഭൂതത്തെ വില്‍ക്കാനുണ്ടെന്ന് ചൗധരിയെ അറിയിച്ചത് ഒരു സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.
പറഞ്ഞുറപ്പിച്ചതനുസരിച്ച് ഒരു സുഹൃത്തിനൊപ്പമാണ് ചൗധരി ഭൂതം വില്‍പ്പനക്കാരനെ തേടി ബര്‍ദ്വാന്‍ പട്ടണത്തിലെത്തിയത്. നാലുപേരടങ്ങിയ സംഘത്തിന്റെ അകമ്പടിയോടെ പൊലീസ് സ്റ്റിക്കര്‍ പതിച്ച വാഹനത്തില്‍ ഇവരെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഒരു രൂപ നാണയം നിക്ഷേപിച്ച ശീതളപാനീയം നിറച്ച ഒരു കുപ്പി, സംഘം ചൗധരിയെ കാണിച്ചു. കുപ്പിക്കകത്ത് ഭൂതമാണെന്ന് സംഘം ധരിപ്പിച്ചു. 10 ലക്ഷം രൂപയാണ് ഭൂതത്തിനു വിലയിട്ടത്. തന്റെ കൈവശം പണമില്ലെന്നറിയിച്ചതോടെ ചൗധരിയെയും കൂട്ടുകാരനെയും ഹോട്ടല്‍ മുറിയില്‍ അടച്ചുപൂട്ടി. അവരുടെ കൈവശമുണ്ടായിരുന്ന 600 രൂപയും സംഘം കവര്‍ന്നു. ചൗധരി വിവരങ്ങള്‍ കൂട്ടുകാരന്‍ വഴി പൊലീസിനെ അറിയിക്കുകയും തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിൽ ഒരാള്‍ പൊലീസ് ഡ്രൈവർ ആണ്. വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത തട്ടിപ്പ് സംഘാംഗങ്ങളെ പ്രാദേശിക കോടതി ഹാജറാക്കി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam