
മധ്യപ്രദേശ്: നാലുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത അധ്യാപകന്റെ വധശിക്ഷ ശരിവച്ച് ഹൈകോടതി. മധ്യപ്രദേശിലെ സാത്ന ജില്ലാ കോടതിയാണ് അധ്യാപകനായ മഹേന്ദ്രസിംഗ് ഗോണ്ടിന്റെ വധശിക്ഷ ശരിവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 30 ന് കുട്ടിയെ ബലാത്സംഗം ചെയ്ത് കാട്ടിലുപേക്ഷിക്കുകയായിരുന്നു. കേസിൽ മാസങ്ങൾക്കുള്ളിൽ തന്നെ സെഷൻസ് കോടതി വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ചിരുന്നു. വിധിയ്ക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളുകയും കീഴ്ക്കോടതിയുടെ വിധി ശരി വയ്ക്കുകയുമായിരുന്നു.
പീഡനത്തിൽ കുട്ടിയുടെ കുടലിൽ പരിക്കേറ്റിരുന്നു. മാസങ്ങളോളം ദില്ലി എയിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടി നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമാകുകയും ചെയ്തിരുന്നു. മാർച്ച് 2 നാണ് ജബൽപൂർ ജയിലിൽ മഹേന്ദ്രസിംഗ് ഗോണ്ടിന്റെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ഈ വധശിക്ഷ നടപ്പിലായാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ നടപ്പിലാക്കിയ കർശന നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രതിയായിരിക്കും മഹേന്ദ്രസിംഗ് ഗോണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം മരിച്ചെന്ന് കരുതി മഹേന്ദ്രസിംഗ് കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതപ്രായയായി കിടക്കുന്ന പെൺകുഞ്ഞിനെ കണ്ടത്. പൊലീസിന്റെ കൃത്യമായ ഇടപെടൽ മൂലം മണിക്കൂറുകൾക്കുള്ളിൽ പ്രതി മഹേന്ദ്രസിംഗിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെപ്റ്റംബർ 29 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടി നൽകിയ മൊഴിയും പ്രതിയുടെ കുറ്റസമ്മതവുമാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam