
കോട്ടയം: സിസ്റ്റര്‍ അഭയവധക്കേസില്‍ കുറ്റവിമുക്തനായ ഫാദര്‍ ജോസ് പുതൃക്കയില്‍ പ്രതികരണവുമായി രംഗത്ത്. നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് ഫാ. ജോസ് പുതൃക്കയില്‍ പ്രതികരിച്ചു. ആരോടും പിണക്കമില്ല, ഒരാളെ കുറ്റവിമുക്തനാക്കിയത് മൂന്ന് പേര്‍ക്കും വിടുതല്‍ കിട്ടിയതിന് തുല്യമാണെന്നും തങ്ങള്‍ മൂന്ന് പേരും നിരപരാധികളെന്നും പുതൃക്കയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നാണ് സിസ്റ്റര്‍ അഭയവധക്കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി കൊണ്ടുള്ള കോടതി വിധി പുറത്തുവന്നത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സ്റ്റെഫിയും വിചാരണ നേരിടണം. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ആണ് തിരുവനന്തപുരം സിബിഐ കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഭയ കൊല്ലപ്പെട്ട ദിവസം രാത്രം ഫാദര്‍ ജോസ് പുതൃക്കയില്‍ കോണ്‍വന്‍റില്‍ വന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.
26 വര്‍ഷം മുന്‍പ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സിബിഐ പ്രതികളാക്കിയ തങ്ങളെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് കാണിച്ച് പ്രതികളായ വൈദികരും കന്യാസ്ത്രീയും ഏഴ് വര്‍ഷം മുന്‍പാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിലെ മറ്റൊരു കക്ഷിയായ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്ലിന് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന് പുതൃക്കയിലിനെ വെറുതെ വിട്ട ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സിബിഐയുടെ ആത്മാര്‍ഥതയില്ലായ്മയാണ് രണ്ടാം പ്രതിയുടെ മോചനത്തിന് കാരണമായതെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിലെ സാക്ഷിയായ അടയ്ക്കാ രാജു പ്രതികളെ കണ്ടിരുന്നുവെന്നൊന്നു മൊഴിയിലെ പാളിച്ചയാണ് ഇതിനു കാരണം. കൊലപാതകം നടന്ന ദിവസം മോഷണത്തിനായി സെന്റ് പയസ് ടെൻത് കോണ്‍വെന്‍റിലെത്തിയ രാജു പ്രതികളിലെ രണ്ടു പേരെ തിരിച്ചറിഞ്ഞതായി പറയുന്നുണ്ട്. എന്നാല്‍ ഫാദര്‍ ജോസ് പുതൃക്കയിലിനെ രാജുവിനെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചില്ല. പ്രതിക്ക് അനുകൂലമായ ഈ മൊഴി പ്രതിരോധിക്കാന്‍ സിബിഐ പ്രയത്നിച്ചില്ലെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറയുന്നത്.
സിബിഐ കോടതിയുടെ പുതിയ ഉത്തരവോടെ കേസിന്‍റെ ഇനിയുള്ള വിധി എന്താവും എന്ന കാര്യത്തില്‍ ആകാംക്ഷ വര്‍ധിക്കുകയാണ്. അഭയയെ കൊന്നത് തോമസ് കോട്ടൂരാണെന്നും മറ്റു രണ്ടു പ്രതികള്‍ ഇദ്ദേഹത്തെ സഹായിക്കുകയായിരുന്നുവെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതു തെളിയിക്കാനാവശ്യമായ ശക്തമായ തെളിവുകള്‍ സിബിഐയുടെ പക്കല്‍ ഇല്ലെന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടതിലൂടെ വെളിപ്പെടുത്തുന്നത്.
കേസ് അന്വേഷിച്ച സിബിഐയുടെ ആദ്യസംഘം അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീട് ഡിവൈഎസ്പി നന്ദകുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam