മറ്റരാസിയുടെ നെഞ്ചത്തിടിച്ച് സിദാന്‍ കൈവിട്ട ലോകകിരീടം; പോര്‍ച്ചുഗലിന് മുന്നില്‍ കൈവിട്ട യൂറോ; എല്ലാ കണക്കും തീര്‍ക്കണം

By Web DeskFirst Published Jul 13, 2018, 3:14 PM IST
Highlights
  • മറ്റരാസിയുടെ നെഞ്ചത്തിടിച്ച് സിദാന്‍ കൈവിട്ടത് ലോക കിരീടമായിരുന്നു

മോസ്ക്കോ: 2000ലെ യൂറോ കപ്പിന് ശേഷം പ്രധാന ടൂർണമെന്‍റുകളുടെ ഫൈനൽ ജയിച്ചിട്ടില്ലെന്ന മോശം റെക്കോഡ് തിരുത്തേണ്ടതുണ്ട് ഫ്രാൻസിന്. രണ്ട് വർഷം മുമ്പ് സ്വന്തം നാട്ടിൽ യൂറോ കപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിനോട് തോറ്റതിന്‍റെയും 2006 ലോകകപ്പ് ഇറ്റലിക്ക് മുന്നില്‍ നഷ്ടപ്പെടുത്തിയതിന്‍റെയും വേദന മറക്കാന്‍ കൂടിയാണ് അവര്‍ ബൂട്ടുകെട്ടുന്നത്.

 

സ്വന്തം നാട്ടില്‍ നടന്ന 1998 ലോകകപ്പില്‍ മുത്തമിട്ടതിന്‍റെ ആവേശവുമായാണ് 2016 യൂറോയില്‍ കിരീടം നേടാന്‍ ഫ്രാന്‍സ് ഇറങ്ങിയത്. എന്നാല്‍ പോര്‍ച്ചുഗലിന്‍റെ വീര്യത്തിന് മുന്നില്‍ അവര്‍ തകര്‍ന്നു. ആരാധകര്‍ക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു അത്. 

അതിനെക്കാളും വലിയ വേദനയാണ് 2006 ലോകകപ്പിന്‍റെ കലാശക്കളിയില്‍ സംഭവിച്ചത്. സിദാന്‍റെ മാന്ത്രിക കാലുകളിലൂടെ കിരീടം സ്വന്തമാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് മറ്റരാസിയുടെ നെഞ്ചത്തിടിച്ച് ലോകഫുട്ബോളിലെ മിന്നും താരം കളം വിട്ടത്.

 

ലോകകപ്പ് നഷ്ടമായതിനൊപ്പം നാണക്കേടിന്‍റെ പാപഭാരവും പേറിയാണ് ഫ്രഞ്ച് ഫുട്ബോള്‍ പിന്നിടുള്ള കാലം കഴിച്ചുകൂട്ടിയത്. എന്നാല്‍ കാലം മാറിയപ്പോള്‍ ഫ്രാന്‍സ് വീര്യം വീണ്ടെടുത്തിരിക്കുന്നു.

പ്രതിഭയുടെ ധാരാളിത്തമുള്ള ഒരു പിടി താരങ്ങള്‍ ഒരേ മനസാല്‍ പന്തുതട്ടിയപ്പോള്‍ ലോകഫുട്ബോളിലെ വമ്പന്‍മാരെല്ലാം ഫ്രാന്‍സിന് മുന്നില്‍ തകര്‍ന്ന് വീണു. ഒരൊറ്റ ജയത്തിന്‍റെ അകലത്തില്‍ രണ്ടാം സ്വപ്ന കിരീടമാണ് അവരെ കാത്തു നില്‍ക്കുന്നത്. കൊയേഷ്യയുടെ പോരാട്ടത്തെ മറികടക്കാന്‍ സാധിച്ചാല്‍ സിദാന്‍ കൈവിട്ട ആ കിരീടം പാരിസില്‍ വീണ്ടുമെത്തും.

click me!