വൈവിധ്യങ്ങളുടെ വിജയമാഘോഷിച്ച് ഫ്രാന്‍സ്

By Web DeskFirst Published Jul 16, 2018, 9:39 AM IST
Highlights
  • ആഫ്രിക്കൻ വംശജരായ ഏഴ് പേരുണ്ട് ഫ്രഞ്ച് ടീമിൽ.

റഷ്യയിലെ വിജയം ആഘോഷമാക്കുകയാണ് ഫ്രാൻസ്. ദേശീയ ദിനാഘോഷങ്ങൾ അവസാനിക്കും മുമ്പേയാണ് ലോക കിരീടനേട്ടമെന്നതും അവരെ ആവേശത്തിലാക്കുന്നു. വൈവിധ്യങ്ങളെ ഉൾക്കൊളളുന്ന ഫ്രാൻസ് കൂടിയാണ് ലുഷ്നിക്കിയിൽ ജയിച്ചത്. ഹ്യൂഗോ ലോറിസ്  മോസ്കോയിൽ  കപ്പുയർത്തിയതിന് പിന്നാലെ ഈഫൽ ടവർ വർണങ്ങളിൽ മുങ്ങി. നെപ്പോളിയന്‍റെ വിജയകമാനമായ ആർച്ച് ദെ ട്രൈംഫിൽ ഗ്രീസ്മാനും എംബാപ്പെയും ദെഷാംസും വെളിച്ചമായി.

206 വർഷം മുമ്പ് റഷ്യയിലേക്ക് നെപ്പോളിയൻ നടത്തിയ  പടയോട്ടത്തിനിടെ കൊടും തണുപ്പിൽ ആയിരക്കണക്കിന് ഫ്രഞ്ച് സൈനികർ മരിച്ചുവീണിരുന്നു. ഫ്രഞ്ച് ചക്രവർത്തിയുടെ പതനത്തിന്‍റെ തുടക്കവുമവിടെ. അതേ റഷ്യയിൽ മറ്റൊരു ഫ്രഞ്ച് പട ഫുട്ബോളിലെ ലോക ചക്രവർത്തിമാരായി. ഫ്രാൻസ് ആഘോഷിക്കാതിരിക്കുന്നതെങ്ങനെ...

ഫ്രഞ്ച് വിപ്ലവത്തിന് തുടക്കമിട്ട ബാസ്റ്റിൽ ദിനത്തിന് തൊട്ട് പിറ്റേന്നാണ് കിരീടനേട്ടം. ഇതിനെല്ലാമപ്പുറം ഫ്രാൻസിനിത് ഭിന്നിപ്പുകളെ തുടച്ചുമാറ്റുന്ന വിജയമാണ്. ആഫ്രിക്കൻ വംശജരായ ഏഴ് പേരുണ്ട് ഫ്രഞ്ച് ടീമിൽ. കുടിയേറ്റക്കുഴപ്പങ്ങളുടെ നാളുകൾക്കിടയിൽ പാരീസിലെ തെരുവുകൾ എല്ലാം മറന്ന് ഒന്നിച്ചു. ഫുട്ബോൾ വഴിയില്‍ അവര്‍ ഒരു മനസും ഒരു ശരീരവുമായി.

എംബാപെ, ഉംറ്റീറ്റി, എന്‍ഗോളോ കാന്‍റേ, പോള്‍പോഗ് ബാ, എന്നിവര്‍ ടീമിലെ സ്ഥിരസാന്നിദ്ധ്യങ്ങളായിരുന്നു. ഫ്രാന്‍സിന്‍ കുതിപ്പുകളില്‍ തീപടര്‍ത്തിയ എംബാപെ ഇത്തവണത്തെ മികച്ച യുവതാരമായി മാറി. കുടിയേറ്റ പ്രശ്നത്തില്‍ ലോകം നീറിനില്‍ക്കുമ്പോള്‍, ഫ്രാന്‍സ് മുമ്പില്‍ പുതിയൊരു വാതായനം തുറന്നിടുകയാണ്. 

click me!