
കോട്ടയം: ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ആദ്യ ബലാത്സംഗം നടന്ന കുറവിലങ്ങാട് മഠത്തിലാണ് ബിഷപ്പിനെ തെളിവെടുപ്പിനെത്തിക്കുക. ഇതിന് മുന്നോടിയായി കന്യാസ്ത്രീകളോട് മഠത്തിൽ നിന്ന് മാറിനിൽക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്കാണ് പെലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ പാല മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്‍റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.
ഇന്നലെ തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ഡിഎൻഎ സാമ്പിള്‍ ശേഖരിച്ചു. ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തറയിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും തന്‍റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ പറഞ്ഞു.
എന്നാല്‍ വിധിപറയുന്നതിനായി ഉച്ചയ്ക്ക് കോടതി ചേര്‍ന്നയുടന്‍ ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30വരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നുവെന്നും ജാമ്യാപേക്ഷ തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കോടതി പരാമര്‍ശം നടത്തിയില്ല. ജൂണ്‍ 17ന് നല്‍കിയ പരാതിയില്‍ 84ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് പരാതിക്കാരി ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam