ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടുന്നയാള്‍ കൊല്ലത്ത് പിടിയില്‍

By Web DeskFirst Published Jun 29, 2016, 5:32 AM IST
Highlights

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടുന്നയാള്‍ കൊല്ലത്ത് പിടിയില്‍. കോട്ടയം സ്വദേശി ജോണ്‍ വര്‍ഗീസാണ് കൊല്ലം വെസ്റ്റ് പൊലീസിന്‍റെ വലയിലായത്.

പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോണ്‍വര്‍ഗീസ് എത്തുക. സംശയം തോന്നാതിരിക്കാന്‍ വ്യാജ ഐഡി കാര്‍ഡ് കാണിക്കും. പെണ്‍കുട്ടികളുടെ മുറിയിലും അടുക്കളയിലുമാണ് പരിശോധന. സംസ്ഥാനത്താകെ തട്ടിപ്പ് നടത്തിയിട്ടുള്ള വ്യാജ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൊല്ലത്താണ് പിടിയിലായത്. കൊല്ലത്തെ ഒരു വനിതാ ഹോസ്റ്റലില്‍ പരിശോധന നടത്തിയ ജോണ്‍ വര്‍ഗീസ് അവിടെ നിന്നു 20000 രൂപ ആവശ്യപ്പെട്ടു. 10000 ഹോസ്റ്റല്‍ വാര്‍ഡന്‍ നല്‍കി.

വീണ്ടും പണം ആവശ്യപ്പെട്ട് വാര്‍ഡനെ വിളിച്ചപ്പോളാണ് സംശയം തോന്നിയത്. 7000 രൂപ ഉടനെ തന്നില്ലെങ്കില്‍ ഹോസ്റ്റല്‍ പൂട്ടിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പണം വാങ്ങാന്‍ ഹോസ്റ്റലിലെത്തിയപ്പോഴാണ്  ഹോസ്റ്റലില്‍ മഫ്തി വേഷത്തിലുണ്ടായിരുന്ന പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തയത്. പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്.

 

click me!