മധ്യപ്രദേശിൽ പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി. അധ്യാപകർ വിവരമറിഞ്ഞ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു, ഇരുവരും സുഖമായിരിക്കുന്നു.
ഇൻഡോർ: മധ്യപ്രദേശിൽ പത്താം ക്ലാസ് പരീക്ഷക്കെത്തിയ വിദ്യാർഥി ശുചിമുറിയിൽ പ്രസവിച്ചു. ധാർ ജില്ലയിലെ പിതാംപൂർ സെക്ടർ-1 പോലീസ് സ്റ്റേഷൻ പരിധിയിലാണ് ചൊവ്വാഴ്ച സംഭവം നടന്നത്. ഗണിതശാസ്ത്ര പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി. പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ സ്കൂളിലെ ശുചിമുറിയിലായിരുന്നു പ്രസവം. കുട്ടി രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം, കടുക്ക വയറുവേദന അനുഭവപ്പെട്ടതെന്നും തുടർന്ന് ടോയ്‌ലറ്റിലേക്ക് പോയതാണെന്നും ധാർ എഎസ്പി പരുൾ ബേലാപുർക്കർ പറഞ്ഞു. താമസിയാതെ, നവജാതശിശുവിന്റെ കരച്ചിൽ കേട്ട് അധ്യാപകർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ടോയ്‌ലറ്റിനുള്ളിൽ പ്രസവിച്ചതായി കണ്ടെത്തിയത്.
സ്കൂൾ അധികൃതർ ഉടൻ തന്നെ 108 ആംബുലൻസ് സർവീസുകൾ വിളിക്കുകയും വിദ്യാർത്ഥിനിയെയും നവജാതശിശുവിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നവജാതശിശുവിന് ഏകദേശം 2 കിലോഗ്രാം ഭാരമുണ്ടെന്ന് റിപ്പോർട്ടുണ്ട്. പെൺകുട്ടിയുടെ ഗർഭധാരണത്തെക്കുറിച്ച് വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗർഭാവസ്ഥയെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്നും ഞെട്ടിപ്പോയെന്നും അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായും ഉടൻ തന്നെ വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുടുംബം പറഞ്ഞു. ചോദ്യം ചെയ്യലിൽ, ബെത്മയിൽ നിന്നുള്ള ഒരു യുവാവാണ് കുഞ്ഞിന്റെ അച്ഛനെവ്വപം രണ്ട് വർഷം മുമ്പ് തനിക്ക് സൗഹൃദം ഉണ്ടായിരുന്നതായും വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു. പിതാംപൂർ പോലീസ് സ്റ്റേഷനിൽ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണത്തിനായി കേസ് ബെത്മ പോലീസിന് കൈമാറി.
