കോടികള്‍ വെട്ടിച്ചു; കോടിയേരിയുടെ മകനെതിരെ പരാതി

Published : Jan 24, 2018, 10:30 AM ISTUpdated : Oct 05, 2018, 12:28 AM IST
കോടികള്‍ വെട്ടിച്ചു; കോടിയേരിയുടെ മകനെതിരെ പരാതി

Synopsis

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പണം തട്ടിയെന്ന് കാണിച്ച് ദുബായിലെ ഒരു കമ്പനി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കി. കോടിയേരിയെ നേരിട്ട് കണ്ടിട്ടും പണം തിരിച്ചുനല്‍കാൻ തയ്യാറായില്ലെന്ന് ഇവർ പരാതിപ്പെട്ടു. ചവറ വിജയൻപിള്ള എം.എൽ.എയുടെ മകൻ ശ്രീജിത്തിനെതിരെ ഇതേ തട്ടിപ്പിന് ദുബായ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അതേസമയം പരാതിയൊന്നും പിബിയുടെ മുന്നിലെത്തിയില്ലെന്നാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്. 

ദുബായ് ആസ്ഥാനമായുള്ള ജാസ് ടൂറിസം എന്ന കമ്പനിയുടെ ഉടമ ഹസ്സൻ ഇസ്മയീല്‍ അബ്ദുള്ള അൽമറൂഖിയാണ് ബിനോയ് കോടിയേരിക്കെതിരെ സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിട്ട് സമീപിച്ചത്. തന്‍റെ പാട്ണറായ രാഹുൽ കൃഷ്ണനുമായുള്ള പരിചയം ഉപയോഗിച്ച് കമ്പനിക്ക് നിക്ഷേപമുള്ള ബാങ്കുകളില്‍ നിന്ന് ബിനോയ് കോടിയേരി വായ്പ തരപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. 

ആദ്യം ഒരു ഓഡി കാർ വാങ്ങാൻ 54 ലക്ഷം രൂപ വായ്പയെടുത്തു. പിന്നീട് ഇന്ത്യയിലെയും യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെയും ബിസിനസിനായി 7 കോടി 75 ലക്ഷം രൂപ കൂടി വായ്പയായി സ്വന്തമാക്കി. തന്‍റെ കമ്പനിയുടെ ഈട് ഉപയോഗിച്ചായിരുന്നു വായ്പയെന്നും പകരം ചെക്കുകള്‍ നൽകിയതായി പരാതിയില്‍ പറയുന്നു. എന്നാൽ ഈ ബാങ്ക് വായ്പ തിരിച്ചടക്കാതെ ബിനോയ് ഇന്ത്യയിലേക്ക് കടന്നെന്നും മറ്റ് അഞ്ച് ക്രമിനൽ കേസുകൾ കൂടി ബിനോയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാണ് തന്‍റെ അറിവെന്നും പരാതിയിൽ പറയുന്നു. 

കഴിഞ്ഞ രണ്ടുവര്‍ഷമായി രാഹുൽ കൃഷ്ണൻ നിരന്തരം ബിനോയിയുമായി സംസാരിച്ചു. 13 കോടി തിരിച്ചടക്കാമെന്ന് ഉറപ്പുനൽകിയിട്ട് ഇതുവരെ പാലിച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് ഈ വിഷയം രാഹുൽ കൃഷ്ണൻ സംസാരിച്ചു. എന്നാൽ വിഷയം പരിഹരിക്കാമെന്ന ഉറപ്പ് നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് ദുബായ് കോടതിയെ സമീപിച്ചെന്നും ഇന്‍റർപോൾ വാറണ്ട് പുറപ്പെടുവിക്കാനുള്ള നടപടിയെടുക്കാൻ കോടതി ആവശ്യപ്പെട്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 

വിഷയം രമ്യമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് യു.എ.ഇ സ്വദേശി സിപിഎം നേതൃത്വത്തെ ഇവർ സമീപിച്ചത്. അതേസമയം പരാതി പിബിയുടെ മുന്നിൽ എത്തിയിട്ടില്ലെന്നാണ് സീതാറാം യെച്ചൂരിയുടെ പരസ്യപ്രതികരണം. ചവറ വിജയൻപിള്ളയുടെ മകൻ ശ്രീജിത് വിജയൻ പിള്ളക്കെതിരെയും ഇതേ കമ്പനി ദുബായ് കോടതിയെ സമീപിച്ചിരുന്നു. 

11 കോടി രൂപ തട്ടിയെടുത്ത് മുങ്ങി എന്നായിരുന്നു പരാതി. ശ്രീജിത്തിനെതിരെ ഇന്‍റര്‍പോൾ വാറണ്ട് പുറപ്പെടുവിക്കാനുള്ള ഉത്തരവ് ദുബായ് കോടതി നൽകിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതിനിടെ ദേശീയ നേതൃത്വത്തിന് കിട്ടിയ പരാതി ചോര്‍ന്നത് പാര്‍ടിയിൽ പുതിയ വിവാദങ്ങൾക്കും ഇടയാക്കിയേക്കും. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള തർക്കം നേതാക്കൾക്കിടയിലെ ഭിന്നതയായി മാറുമ്പോഴാണ് ഈ വിഷയം സിപിഎമ്മിന് മറ്റൊരു പ്രതിസന്ധിയുണ്ടാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ