വാതില്‍പ്പടി റേഷന്‍ വിതരണത്തില്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വെട്ടിപ്പ്

By Web DeskFirst Published May 26, 2018, 10:18 AM IST
Highlights

ഗോഡൗണില്‍ നിന്നും വരുന്ന വഴി സാധനങ്ങള്‍ കടക്കാര്‍ കരിഞ്ചന്തയില്‍ എത്തിക്കുന്നവെന്ന കണ്ടെത്തലിലാണ് വാതില്‍പ്പടി സമ്പ്രദായം കൊണ്ടുവന്നത്. 

കൊല്ലം: ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കിയ വാതില്‍പ്പടി റേഷന്‍ വിതരണത്തിലും വ്യാപക ക്രമക്കേട്. സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലെത്തിക്കുന്ന സാധനങ്ങളുടെ തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നു. ഉദ്യോഗസ്ഥരും ഗോഡൗണില്‍ നിന്നും കടകളിലെത്തിക്കുന്ന കരാറുകാരും ചേര്‍ന്നാണ് ഇത് ചെയ്യുന്നതെന്നാണ് റേഷന്‍ കടക്കാരുടെ പരാതി.

റേഷന്‍കടക്കാര്‍ സപ്ലൈകോ ഗോഡൗണില്‍ പോയി സാധനങ്ങള്‍ എടുക്കുന്ന സമ്പ്രദായമാണ് ആദ്യം ഉണ്ടായിരുന്നത്. ഗോഡൗണില്‍ നിന്നും വരുന്ന വഴി സാധനങ്ങള്‍ കടക്കാര്‍ കരിഞ്ചന്തയില്‍ എത്തിക്കുന്നവെന്ന കണ്ടെത്തലിലാണ് വാതില്‍പ്പടി സമ്പ്രദായം കൊണ്ടുവന്നത്. അതുപ്രകാരം റേഷന്‍ സാധനങ്ങള്‍ കടക്കാരന്റെ കടയില്‍ എത്തിച്ച് നല്‍കും. വന്‍ തട്ടിപ്പാണ് ഈ വഴിക്ക് നടക്കുന്നത്. 100 ക്വിന്റിലില്‍ 800 കിലോ വരെ കുറവ് വരുന്നു.

ഗോഡൗണില്‍ നിന്ന് പുറപ്പെടും മുന്‍പ്  ഓരോ റേഷന്‍കടക്കാരനും നല്‍കേണ്ട വിഹിതം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേ ബ്രിഡ്ജില്‍ അളന്ന് നല്‍കണമെന്നാണ് നിയമം. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും അറിയാതെ ഗോഡൗണിലെ സാധനങ്ങളില്‍ കുറവുണ്ടാകില്ലെന്ന് കൊല്ലം ജില്ലാ സപ്ലൈ ഓഫീസറും സമ്മതിച്ചു. വാതില്‍പ്പടി വന്നിട്ട് ഒരു വര്‍ഷമായിട്ടും തൂക്കത്തിലെ ക്രമക്കേട് തടയാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പക്ഷേ ആര്‍ക്കും മറുപടിയില്ല.

 

click me!