അഭയാര്‍ഥികള്‍ക്കിടയില്‍ നിന്നൊരു അസി.കലക്ടര്‍; ഇമ്പശേഖർ ഐഎഎസ്

By Web DeskFirst Published Jul 2, 2016, 6:18 PM IST
Highlights

കോഴിക്കോട്: നീലഗിരിയിലെ  തേയില  തോട്ടത്തിൽ  നിന്ന്  കോഴിക്കോട്  കലക്ടറേറ്റ്  വരെ  എത്തിയ  ഒരാളെ  പരിചയപ്പെടാം. ഇമ്പശേഖർ ഐഎഎസ്. ശ്രീലങ്കൻ  അഭയാർത്ഥികൾക്കിടയിൽ  നിന്നുള്ള  ആദ്യത്തെ  ഐഎഎസ് ഓഫീസറാണ്  കോഴിക്കോട് അസിസ്റ്റന്റ്  കലക്ടറായ  ഇമ്പശേഖർ. ശ്രീലങ്കയിലെ ആഭ്യന്തയുദ്ധത്തെ തുടർന്ന് സർവ്വതും കെട്ടിപ്പെറുക്കി നീലഗിരി കുന്നുകളിലെ തേയിലെ തോട്ടങ്ങളിലെത്തിയ ഒരു ജനത. അവർക്കിടയിൽ ഇമ്പശേഖർ ഇന്ന് പ്രതീക്ഷയുടെ പുതിയ പേരാണ്.

തയ്യൽ തൊഴിലാളിയായ കാളിമുത്തുവിന്റേയും തോട്ടം തൊഴിലാളിയായ ഭൂവതിയുടെയും മകനാണ് ഇമ്പശേഖര്‍. 1973ല്‍ ശ്രീലങ്കയില്‍നിന്ന് മാതൃരാജ്യത്തേക്ക് മടങ്ങിയ തമിഴ് കുടുംബങ്ങളില്‍പ്പെട്ടവരാണ് കാളിമുത്തുവും ഭൂവതിയും. പൊടച്ചേരി ഗ്രാമത്തിലാണ് ഇവരടക്കമുള്ള നിരവധി കുടുംബങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇമ്പശേഖറിന്റെ നേട്ടത്തില്‍ പൊടച്ചേരിഗ്രാമവും ആഹ്ളാദത്തിലാണ്.

ഇമ്പശേഖര്‍ ചുമതലയേല്‍ക്കുന്നത് കാണാന്‍ മാതാപിതാക്കളും ബന്ധുക്കളുമടക്കം ഒരുപാടാളുകള്‍ കോഴിക്കോട്ടെത്തിയിരുന്നു.ഇല്ലായ്മകൾക്കൊപ്പം നടന്നാണ്  ഇമ്പശേഖർ ഇന്ത്യൻ സിവിൽ സർവ്വീസ് നേടിയത്. വയനാട് അതിര്‍ത്തിയിലുള്ള ചേരമ്പാടി ഗവ. ഹൈസ്കൂളില്‍ തമിഴ് മീഡിയത്തിലായിരുന്നു പത്താംക്ളാസ് വരെയുള്ള  പഠനം. സ്കൂളില്‍ ഒന്നാമനായി പത്താം ക്ലാസ് ജയിച്ചു. തുടര്‍ന്ന് ഗൂഡല്ലൂര്‍ ജിഎച്ച്എസ്എസില്‍ പ്ലസ് ടു പഠനം.

ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ചിട്ടും കോളേജില്‍ പോകാന്‍ പണമില്ലാത്തതിനാല്‍ ഒരുപാട് അലഞ്ഞു. പിന്നീട് കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദവും ഹൈദരാബാദിലെ കോളേജ് ഓഫ് അഗ്രികള്‍ച്ചറില്‍നിന്ന് എംഎസ്‌‌സിയും പൂര്‍ത്തിയാക്കി. 2013 മുതല്‍ ന്യൂഡല്‍ഹി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാര്‍ഷികശാസ്ത്രജ്ഞനായി ജോലി ലഭിച്ചു.

അപ്പോഴും ഐഎഎസ് എന്ന മോഹം ഉള്ളില്‍ അണയാതെ കിടന്നു. 2010 ല്‍ ഐഎഫ്എസില്‍ 49-ാം റാങ്ക്  ലഭിച്ചിരുന്നെങ്കിലും പൊക്കമില്ലാത്തതിന്റെ പേരില്‍ നിയമനം ലഭിച്ചില്ല. എന്നാല്‍ പിന്മാറാന്‍ ഇമ്പശേഖര്‍ തയ്യാറായില്ല. തളരാതെ പോരാടി. 2015ല്‍ സിവില്‍ സര്‍വീസ് ലഭിച്ചു. ഇപ്പോള്‍ കോഴിക്കോട് അസി.കലക്ടര്‍ ട്രെയിനി ആയി ആദ്യ പോസ്റ്റിംഗും.

click me!