
മുംബൈ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് മുക്കുകയറിടാന്‍ പുതിയ നീക്കം. പുതുതായി അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ മാന്യമായി പെരുമാറുമെന്നും സ്ഥാപനത്തിന് കളങ്കമുണ്ടാക്കില്ലെന്നും മുദ്രപത്രത്തില്‍ എഴുതി നല്‍കണം. വായടപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ അറിയിച്ചു
സീരിയല്‍ നടനും ബിജെപി അംഗവുമായ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കിയതിനെതിരെ കഴിഞ്ഞവര്‍ഷം വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തില്‍ നാലുമാസത്തോളം ഇന്‍സ്റ്റിറ്റ്യൂട്ട് സ്തംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുതായി അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ കാമ്പസിന്റെ അന്തസിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യില്ലെന്ന് മുദ്രപത്രത്തില്‍ എഴുതിനല്‍കണമെന്ന വ്യവസ്ഥ വെച്ചത്.
കാമ്പസിലും ഹോസ്റ്റല്‍ പരിസരത്തും മാന്യമായി പെരുമാറുമെന്നും അധ്യാപകരോടോ ജോലിക്കാരോടോ ഒരുകാരണവശാലും മോശം വാക്കുകള്‍ പറയില്ലെന്നുമാണ് കുട്ടികള്‍ സത്യവാങ്മൂലം നല്‍കേണ്ടത്. അച്ചടക്ക നടപടിയെടുക്കാനുള്ള പൂര്‍ണ അധികാരം ഭരണസമിതിക്കുണ്ടെന്നും കുട്ടികള്‍ നൂറ് രൂപ മുദ്രപത്രത്തില്‍ എഴുതിനല്‍കണം. കാമ്പസില്‍ ഹോസ്റ്റല്‍ സൗകര്യം കുട്ടികളുടെ അവകാശമല്ലെന്നും മുറികളുടെ ഒഴിവും മറ്റു കാര്യങ്ങളും പരിഗണിച്ച് മാത്രമേ താമസസൗകര്യം നല്‍കാനാകൂ എന്നകാര്യവും അംഗീകരിക്കണം. എല്ലാഫീസും മുന്‍കൂറായി അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്.
കാമ്പസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സത്യവാങ്മൂലമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തങ്ങളെ നിശബ്ദരാക്കാനുള്ള ഭരണസമിതിയുടെ നീക്കം ചെറുക്കുമെന്ന് വിദ്യാര്‍ത്ഥിനേതാക്കളും വ്യക്തമാക്കി. എന്നാല്‍ ചെയര്‍മാന്‍ ഗജേന്ദ്രചൗഹാനോ ഡയറക്ടര്‍ ഭൂപേന്ദ്ര കൈന്ദോലയോ പ്രതികരണത്തിന് തയ്യാറായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam