
ദില്ലി: മണിക്കൂറുകൾക്കുള്ളിൽ ഇന്ധനവില പുതുക്കി എണ്ണ കമ്പനികൾ. രാവിലെ പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കുറച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എണ്ണക്കമ്പനികൾ വില ഉയർത്തുകയായിരുന്നു. ഇതോടെ, ഇന്ധനവിലയിലെ ഇളവ് ഒരു പൈസയായി കുറഞ്ഞു.
16 ദിവസത്തെ തുടർച്ചയായ വർദ്ധനയ്ക്ക് ശേഷമാണ് ഇന്ധനവിലയിൽ നേരിയ കുറവുണ്ടാകുന്നത്. രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 82 രൂപ ഡീസലിന് 74 രൂപ 60 പൈസ. ഒരു ദിവസത്തിനുള്ളിൽ പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കുറഞ്ഞതോടെ ഉപഭോക്താക്കൾ ആശ്വസിച്ചു.
എന്നാൽ, രണ്ട് മണിക്കൂറിനുള്ളിൽ എണ്ണക്കമ്പനികൾ ഇന്ധന വില ഉയർത്തി. പെട്രോളിന് 61 പൈസയും ഡീസലിന് 59 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 61 പൈസയും ഡീസലിന് 75 രൂപ 19 പൈസയുമായി വില ഉയർന്നു. ഒരു ദിവസത്തിനുള്ളിലെ ഇന്ധനവിലയിലെ ഇളവ് ഒരു പൈസയുമായി ചുരുങ്ങുകയും ചെയ്തു.
മണിക്കൂറുകൾക്കുള്ളിൽ ഇന്ധന വില ഉയർത്താനുള്ള കാരണം എന്തെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതാണ് ഇന്ധനവില കൂട്ടാനുള്ള കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. ഇതിന്‍റെ ചുവട് പിടിച്ച് കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ പെട്രോളിന് 4 രൂപയും ഡീസലിന് 3.67 രൂപയും വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരാഴ്ചക്കുള്ളിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 5 ഡോളർ കുറഞ്ഞിട്ടുണ്ട്. കർണാടക തെരഞ്ഞെടുപ്പ് മുൻനിറുത്തി 19 ദിവസം ഇന്ധന വില പരിഷ്കരിച്ചിരുന്നില്ല. ഈ നഷ്ടം നികത്താനാണ് വിലക്കുറവിന്‍റെ ആനുകൂല്യം എണ്ണക്കന്പനികൾ ഉപഭോക്താക്കൾക്ക് കൈമാറാത്തതെന്ന് ആക്ഷേപമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam