
പുന്നപ്ര: പുന്നപ്രയിൽ വി.എസ് അച്യുതാനന്ദന്‍റെ അനിയന്‍റെ ഭാര്യ സരോജിനിയ്ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസമായ പതിനായിരം രൂപ ധനസഹായം വൈകിയതിന് പിന്നിൽ ബൂത്ത് ലെവൽ ഓഫീസര്‍മാരുടെ വീഴ്ച്ച. അപ്പീല്‍ പരിഗണിച്ച് സരോജിനിയ്ക്ക് പതിനായിരം രൂപ കൈമാറി. ഇത്തരത്തിൽ 4500ലേറെ കുടുംബങ്ങളാണ് അമ്പലപ്പുഴ താലൂക്കിൽ മാത്രം ധനസഹായം കാത്ത് കഴിയുന്നത്.
വി.എസ് അച്യുതാനന്ദന്‍റെ അനിയൻ വി.എസ് പുരുഷോത്തമന്‍റെ ഭാര്യ 82 വയസ്സുള്ള സരോജിനി പതിനായിരം രൂപ ധനസഹായം തേടി അഞ്ച് തവണയാണ് ബാങ്കും പറവൂര്‍ വില്ലേജ് ഓഫീസും കയറിയിറങ്ങിയത്. പ്രളയത്തിൽ അരപ്പൊക്കം വെള്ളത്തിൽ വീടിനകത്ത് കഴിഞ്ഞ സരോജിനിയുടെ അക്കൗണ്ട് വിവരങ്ങൾ ആദ്യഘട്ടത്തിൽ ബിഎല്‍ഒമാര്‍ ശേഖരിച്ചിരുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. പരാതി കിട്ടിയതോടെയാണ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചത്. പതിനായിരം രൂപ സഹായം കിട്ടാൻ അര്‍ഹതയുണ്ടോയെന്ന പരിശോധന പൂര്‍ത്തിയാകാൻ വൈകിയതോടെ ധനസഹായവും വൈകി.
കളക്ടര്‍ ഇടപെട്ടതോടെ വൈകീട്ട് പണം ബാങ്ക് അക്കൗണ്ടിലെത്തി. പഞ്ചായത്ത് അംഗം വീട്ടിലെത്തി സരോജിനിയ്ക്ക് പണം കൈമാറുകയായിരുന്നു. സരോജിനിയുടെ ഒരുമാസമായുള്ള കാത്തിരിപ്പാണ് അവസാനിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയതിലെ അപകാത കാരണം പുന്നപ്ര ഉൾപ്പെടുന്ന അമ്പലപ്പുഴ താലൂക്കിൽ 4500 ലേറെ കുടുംബങ്ങള്‍ക്കാണ് 10000 രൂപ കിട്ടാത്തത്. ഈ മാസം 16 വരെ അപ്പീലുകൾ തിട്ടപ്പെടുത്തി വ്യാജ പരാതികളും അപേക്ഷയും ഉണ്ടോയെന്ന് പരിശോധിച്ച് സഹായം ലഭ്യമാക്കുമെന്നാണ് ഉറപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam