ധര്‍ണ്ണ നടത്തിയ പൂജാരികളേക്കാള്‍ ചൈതന്യം ശബരിമലയിലെ കഴുതകള്‍ക്കുണ്ട്: ജി സുധാകരന്‍

By Web TeamFirst Published Dec 2, 2018, 2:57 PM IST
Highlights

ശബരിമല തട്ടിപ്പറിക്കാനോ അവരെ കഴുത്തിന് പിടിച്ചു പുറത്തു കളയാനൊന്നും  നമ്മളില്ല നിങ്ങള്‍ തന്നെ നടത്തിക്കോ പക്ഷേ മര്യാദയ്ക്ക് വേണം. ശബരിമല പൂട്ടിപ്പോകും എന്നൊന്നും പറഞ്ഞേക്കരുത്. 

ആലപ്പുഴ: ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്ത് ധര്‍ണ നടത്തിയത് ബ്രാഹ്മണരായ പൂജരിമാരാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ശബരിമലയില്‍ ചുമടെടുക്കുന്ന കഴുതകള്‍ക്ക് ഉള്ള ചൈതന്യം പൊലും ഇവര്‍ക്കില്ല. അയ്യപ്പനെ പൂജിക്കാന്‍ ധാര്‍മികമായി ഒരു അവകാശവും ഇവര്‍ക്കില്ല പക്ഷേ ആചാരപ്രകാരം അവര്‍ക്ക് ചെയ്യാം. എന്നാല്‍ നാളെയൊരിക്കല്‍ അവിടെ പട്ടികജാതിക്കാര്‍ വരും. അതു സംഭവിക്കുക തന്നെ ചെയ്യും. അതുവരെ അവര്‍ക്ക് നില്‍ക്കാം. ആലപ്പുഴയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

ജി.സുധാകരന്‍റെ വാക്കുകള്‍..

ശബരിമല പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് അയ്യപ്പനെ പൂജിക്കാനുള്ള ആത്മീയാംശമില്ല ധാര്‍മികമായി അധികാരമില്ല. ആചാരപ്രകാരം നിങ്ങള്‍ക്ക് പൂജിക്കാം പക്ഷേ നാളെ അവിടെയും പട്ടികജാതിക്കാരെത്തും. വന്നേ പറ്റൂ. 

ഇവര്‍ (തന്ത്രിമാര്‍) ആന്ധ്രയില്‍ നിന്നും പത്തോ അഞ്ഞൂറോ വര്‍ഷം മുന്‍പ് വന്നവരാണ്... മലയാളികള്‍ പോലുമല്ല. ശബരിമല തട്ടിപ്പറിക്കാനോ അവരെ കഴുത്തിന് പിടിച്ചു പുറത്തു കളയാനൊന്നും  നമ്മളില്ല. നിങ്ങള്‍ തന്നെ നടത്തിക്കോ പക്ഷേ മര്യാദയ്ക്ക് വേണം. ശബരിമല പൂട്ടിപ്പോകും എന്നൊന്നും പറഞ്ഞേക്കരുത്. 

തന്ത്രിക്ക് ഒരു പത്ത് പതിനെട്ട് അസിസ്റ്റന്‍ഡുമാര്‍ ഉണ്ട്‍. ശബരിമലയുടെ ചരിത്രത്തിലാദ്യമായി ധര്‍ണ നടത്തിയത് ഈ ബ്രാഹ്മണ പൂജാരിമാരാണ്. അവിടുത്തെ ചുമടുതൊഴിലാളികള്‍ ഇതുവരെ സമരം നടത്തിയിട്ടില്ല. അത്രയേറെ ഭാരം ചുമന്ന് പന്പയാറ്റില്‍ പോയി കിടക്കുന്ന കഴുതകള്‍ പോലും സമരം നടത്തിയിട്ടില്ല. സന്നിധാനത്ത് ധര്‍ണ നടത്തിയ പൂജാരിമാരേക്കാള്‍ ചൈതന്യമുണ്ട് ഈ പാവം കഴുതകള്‍ക്ക്. ഇതു പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് യാതൊരു ധാര്‍മികതയുമില്ല. 
 

click me!