ദേശീയപാത വികസനം; സർവ്വേ മരവിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ

By Web DeskFirst Published Apr 8, 2018, 4:56 PM IST
Highlights
  • കേരളത്തിൽ ഒരിടത്തും സർവ്വേ മരവിപ്പിക്കാൻ നിര്‍ദേശം നല്‍കിയിട്ടില്ല
     

തിരുവനന്തപുരം: ദേശീയപാത നാലു വരി വികസനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരിടത്തും സർവ്വേ മരവിപ്പിക്കാൻ സർക്കാർ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ചേർത്തല മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗങ്ങളിലെ സർവ്വേ നടപടിയും കല്ലിടലും നിർത്തി വെയ്ക്കാൻ നിർദ്ദേശിച്ചതായി തെറ്റിദ്ധാരണാജനകമായ വാർത്തകൾ ചില മാധ്യമങ്ങളിൽ വന്നത് തെറ്റാണെന്ന് മന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

നിശ്ചയിച്ച അലൈൻമെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പുനഃപരിശോധിക്കുമെന്നു മാത്രമാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും വികസനത്തോടൊപ്പം ക്രിയാത്മകമായി നിലകൊള്ളുന്നതിനു പകരം സർക്കാരിനെതിരെ നടത്തുന്ന തെറ്റായ പ്രചാരവേലകൾ  ശരിയാണോയെന്ന് മാധ്യമ സുഹൃത്തുക്കൾ  ആലോചിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Latest Videos

ചേർത്തല - കഴക്കൂട്ടം ദേശീയപാതയിൽ ഭൂമിയെടുപ്പ്  അടയാളപ്പെടുത്താനുള്ള കല്ലുകൾ ടെണ്ടർ ചെയ്ത് ലഭിക്കാനുണ്ടായ കാലതാമസം മാത്രമാണെന്നും  അടുത്ത ആഴ്ചയിൽ തന്നെ സർവ്വേ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി നിർദ്ദേശിച്ചതനുസരിച്ചുള്ള പുന:പ്പരിശോധനകൾ ഇതോടൊപ്പം നടത്തുമെന്നും ദേശീയ പാത ഭൂമിയെടുപ്പിനായി പ്രത്യേകം നിയോഗിച്ച സംസ്ഥാന തല ഓഫീസർ അറിയിച്ചിട്ടുണ്ട്. 

ലപ്പുറത്തെ പരാതി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഈ വരുന്ന 11 ന് എം.പി, എം.എൽ.എ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരുന്നുണ്ട്. സർക്കാരിന് യാതൊരു വാശിയുമില്ലെന്നും വികസനം നഷ്ടപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശമുള്ളതെന്നും മന്ത്രി പറഞ്ഞു.  ഇല്ലാത്ത വാർത്തകൾ സർക്കാരിന്റേതെന്ന രീതിയിൽ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനത്തിൽ നിന്ന് പിന്തിരിയണമെന്നും മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു.

click me!