
കോഴിക്കോട്: ഗെയില്‍ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാവാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ചൊവ്വാഴ്ച മുതല്‍ വീണ്ടും സമരമാരംഭിക്കുമെന്ന് ഗെയില്‍ വിരുദ്ധ സമിതി. പദ്ധതി പ്രദേശത്തുളളവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്.
ഗെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരവും പത്തുസെന്‍റ് ഭൂമിയില്‍ താഴെയുളളവര്‍ക്കായി പ്രത്യേക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനമല്ലാതെ ഇക്കാര്യത്തില്‍ മറ്റു നടപടിള്‍ ഉണ്ടായിട്ടില്ലെന്നാണ് സമരസമിതിയുടെ പരാതി. ജനവാസ മേഖലകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാകട്ടെ സര്‍ക്കാര്‍ പരിഗണിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ച് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.
മുക്കത്ത് രണ്ടു മാസത്തോളമായി ആയിരക്കണക്കിനാളുകള്‍ സമരം ചെയ്തിട്ടും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും സമരസമിതി നേതാക്കള്‍ പറയുന്നു. മത,സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ നിരവധിപേര്‍ വരും ദിവസങ്ങളില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്നും സമര സമിതി അവകാശപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ ഗെയില്‍ പൈപ്പ് ലെന്‍ കടന്നുപോകേണ്ട 78 കിലോമീറ്ററില്‍ 18 കിലോമീറ്റര്‍ ഭാഗത്താണ് ഇതുവരെ നിര്‍മ്മാണം നടന്നിട്ടുളളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam