
തൃശൂര്‍: ഗെയില്‍ പൈപ്പ് ലൈന്‍ സബ് സ്റ്റേഷനുകളുടെ മറവില്‍ വ്യാപകമായി നെല്‍വയല്‍ നികത്തുന്നെന്ന് പരാതി. തൃശൂര്‍ ജില്ലയിലെ പെരുവല്ലൂര്‍, ചൊവ്വന്നൂര്‍, കാറളം, പൂമംഗലം എന്നിവിടങ്ങളിലും എറണാകുളം, തൃശൂര്‍ അതിര്‍ത്തി പ്രദേശമായ പുത്തന്‍ വേലിക്കരയിലുമാണ് ഗെയില്‍ വയല്‍ നികത്തുന്നത്. മുല്ലശ്ശേരി പഞ്ചായത്തില്‍പ്പെട്ട പെരുവല്ലൂരിലാണ് ഗെയിലിന്റെ മറവില്‍ വന്‍ തോതില്‍ നികത്തുന്നത്.
കര്‍ഷക പ്രതിഷേധങ്ങളും നാട്ടുകാരുടെ പ്രതിരോധങ്ങളും ഭയന്ന് രാത്രികളിലാണിവിടങ്ങളില്‍ നികത്തല്‍ പ്രക്രിയ. ഇരുപ്പൂ കൃഷിയിറക്കിയിരുന്ന നെല്‍പാടമാണ് പെരുവല്ലൂരില്‍ നികത്തിയിട്ടുള്ളത്. മാള പഞ്ചായത്തിലെ പൊയ്യയില്‍ സ്വകാര്യ വ്യക്തിയുടെ നിലം കൈയ്യേറിയാണ് ഗെയില്‍ അധികൃതര്‍ നികത്തിയിട്ടുള്ളത്. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ ചെടികള്‍ വെട്ടിമാറ്റി സബ് സ്റ്റേഷനുകളുടെ നിര്‍മാണവും നിലം നികത്തലും നടന്നിരിക്കുകയാണ്.
തൃശൂര്‍ ജില്ലയിലെ 30 വില്ലേജുകളിലൂടെ 70 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. മഹാഭൂരിഭാഗവും നെല്‍വയലിലൂടെയും. നിര്‍മാണത്തിനെന്ന പേരില്‍ ആദ്യഘട്ടത്തില്‍ തന്നെ പൈപ്പ് ലൈന്‍ പോകുന്നതിന് ചുറ്റുമായി വലിയ തോതില്‍ നിലം നികത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം ഇക്കുറി വിത്തിറക്കാനാവാതെ കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കി. പലയിടങ്ങളിലും പൈപ്പുകളും സാധന സാമഗ്രികളും അലക്ഷ്യമായി കിടക്കുകയാണ്.
തുടക്കത്തില്‍ ഗെയില്‍ പദ്ധതിക്കെതിരെ തന്നെ വ്യാപക പ്രതിഷേധവും പ്രക്ഷോഭങ്ങളും ഉണ്ടായെങ്കിലും പിന്നീട് അതെല്ലാം ദുരൂഹസാഹചര്യത്തില്‍ കെട്ടടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഗെയില്‍ പൈപ്പ് ലൈനിന്റെ സെക്ഷനൈസിംഗ് വാല്‍വുകള്‍ സ്ഥാപിക്കുന്നതിനുള്ള സബ് സെന്ററുകളുടെ നിര്‍മാണത്തിനാണ് വയല്‍ നികത്തിക്കൊണ്ടിരിക്കുന്നത്. പൊതു ആവശ്യങ്ങള്‍ക്ക് നിശ്ചിത അളവില്‍ നിലം നികത്താമെന്ന ഇളവ് മുതലാക്കിയാണ് ഗെയില്‍ ജില്ലയിലെ ഹെക്ടറു കണക്കിന് നെല്‍വയല്‍ ഇല്ലാതാക്കിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam