റഷ്യയിൽ നിന്ന് നിലവിലുള്ളതിലധികം എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ അമേരിക്കയ്ക്ക് ഉറപ്പ് നൽകിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനുള്ള അമേരിക്കൻ നീക്കങ്ങളുടെ ഭാഗം
മ്യൂണിക്ക് : അമേരിക്കയോട് അടുത്ത് ഇന്ത്യ റഷ്യയെ തള്ളുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെ മോദി സർക്കാരിന് തിരിച്ചടിയായി വീണ്ടും വെളിപ്പെടുത്തൽ. അമേരിക്കയുമായുള്ള വ്യാപാര കരാർ അടക്കം വിഷയങ്ങളിൽ മൌനം പാലിക്കുന്ന ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണ വ്യാപാരത്തിന്മേലും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും ഇന്ത്യ പിന്നോട്ട് പോകുമെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ.
നിലവിലുള്ളതിലധികം എണ്ണ റഷ്യയിൽ നിന്നും വാങ്ങിക്കില്ലെന്ന് ഇന്ത്യയിൽ നിന്നും അമേരിക്കയ്ക്ക് ഉറപ്പ് ലഭിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് മേൽ അമേരിക്ക ചെലുത്തുന്ന സമ്മർദ്ദത്തിന്റെ ഭാഗമാണ് റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും ഇന്ത്യയെ പിന്തിരിപ്പിക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തൽ.
യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് റഷ്യയെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാൻ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് വിശദീകരിക്കവെയാണ് ഇന്ത്യയുമായുള്ള ചർച്ചകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. ഇന്ത്യയുമായി അമേരിക്ക നടത്തിയ ചർച്ചകളിൽ, റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നത് നിർത്താമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് റൂബിയോ വ്യക്തമാക്കി. റഷ്യൻ എണ്ണയ്ക്ക് മേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനോട് യൂറോപ്പും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ റഷ്യ എത്രത്തോളം ഗൗരവത്തിലാണെന്ന് ഉറപ്പില്ലെന്ന് റൂബിയോ സമ്മതിച്ചു. സമാധാന ചർച്ചകൾക്കായി റഷ്യ സമയം നീട്ടിക്കൊണ്ടുപോകുകയാണോ എന്ന ചോദ്യത്തിന്, മോസ്കോയുടെ യഥാർത്ഥ ഉദ്ദേശം വ്യക്തമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

