ഗെയില്‍ പ്രശ്‌നം; വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ഇന്ന്

By Web DeskFirst Published Nov 6, 2017, 7:20 AM IST
Highlights

കോഴിക്കോട്: ഗെയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യവസായമന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ഇന്ന്. കോഴിക്കോട് കളക്ടറേറ്റില്‍ വൈകീട്ട് നാലു മണിക്കാണ് യോഗം. സമരസമിതിയും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ മുക്കത്ത് ഉയര്‍ന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാകുന്നത്. 

ആദ്യം ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷി നേതാക്കളെയും മാത്രം ചര്‍ച്ചയ്ക്കു വിളിച്ച സര്‍ക്കാര്‍ ഒടുവില്‍ സമരസമിതിയെയും വിളിക്കാന്‍ തയ്യാറാവുകയായിരുന്നു. നിര്‍മാണം നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് മയപ്പെടുത്തിയ സമരസമിതി ജനവാസ മേഖലയില്‍ നിന്ന് പദ്ധതി മാറ്റണമെന്നും ജനങ്ങളുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെടും. പദ്ധതിക്കായി ഭൂമി നല്‍കുന്നവര്‍ക്ക് വിപണി വില അനുസരിച്ചുളള നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉയരും. 

എന്നാല്‍ വിജ്ഞാപനമിറങ്ങുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൈപ്പ് ലൈനിന്റെ പാതയില്‍ മാറ്റം വരുത്താനാകില്ലെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. നഷ്ടപരിഹാര കാര്യത്തിലും സുരക്ഷാ കാര്യത്തിലും സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയേക്കും. അതേസമയം, ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സമരസമിതിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സമരത്തില്‍ പങ്കെടുത്ത 21 പേര്‍ ജയിലിലാവുകയും അഞ്ഞൂറിലധികം പേര്‍ കേസില്‍ പ്രതികളാവുകയും ചെയ്ത സാഹചര്യത്തില്‍ സമരം അനന്തമായി നീട്ടാനാകില്ലെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. 

മുഖ്യമന്ത്രിയുടെ കടുത്ത നിലപാടും ഏഴാം നൂറ്റാണ്ട് പരാമര്‍ശവും മന്ത്രി കെ.ടി ജലീലിന്റെ പരിഹാസവുമെല്ലാം സര്‍ക്കാര്‍ നിലപാടിലെ ആത്മാര്‍ത്ഥതയില്ലായ്മയുടെ തെളിവായി മറു വിഭാഗവും ചൂണ്ടിക്കാട്ടുന്നു. വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ച സാഹചര്യത്തില്‍ യോഗത്തിന്റെ വിജയത്തെക്കുറിച്ച് പ്രതിപക്ഷ കക്ഷികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

click me!