ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നെന്ന വ്യാജേന കഞ്ചാവ് വില്‍പ്പന: സ്ത്രീയടക്കമുള്ള സംഘം പിടിയില്‍

By Asianet NewsFirst Published Jun 12, 2016, 3:24 PM IST
Highlights

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറം കേന്ദ്രീകരിച്ചു സ്‌കൂള്‍ കുട്ടികള്‍ക്കു കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ വനിത ഉള്‍പ്പെടെയുളളവര്‍ പൊലീസ് പിടിയിലായി. കുട്ടികളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

ആലുവ ശിവരാത്രി മണപ്പുറത്തെ കുട്ടിവനം മറയാക്കിയായിരുന്നു കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനം. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക്
കഞ്ചാവു വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിരുന്നു. കഞ്ചാവ് ഉപയോഗിച്ച കുട്ടികളില്‍നിന്നു കിട്ടിയ വിവരമനുസരിച്ച് ആലുവ പോലീസ് നടത്തിയ പരിശോധനയിലാണു കഞ്ചാവ് ലോബിയിലെ രണ്ടു പേര്‍ പിടിയിലായത്.

കൊല്ലം കൊട്ടാരക്കര മുവൂര്‍കോണം പൊയ്കയില്‍ വീട്ടില്‍ രേഖ,തിരുവനന്തപുരം മണ്ണന്തല സ്വദേശി അഭിലാഷ് എന്നിവരെയാണ് എസ്ഐ ഹണി കെ ദാസും സംഘവും അറസ്റ്റ് ചെയ്തത്. ആലുവ മണപ്പുറത്ത് ലോട്ടറി കച്ചവടം മറയാക്കിയാണു രേഖയുടെ  കഞ്ചാവ് വില്‍പ്പന. തന്റെ എതിര്‍ ഗ്രൂപ്പില്‍പ്പെട്ട കഞ്ചാവ് വില്‍പ്പനക്കാരെ സംബന്ധിച്ചു സംബന്ധിച്ച് നാട്ടുകാര്‍ക്ക് വിവരം നല്‍കിയും മറ്റും കഞ്ചാവ് മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന വനിതാ പ്രവര്‍ത്തക എന്നാണ് ഇവര്‍ മറ്റുളളവരെ വിശ്വസിപ്പിച്ചിരുന്നതെന്നു പോലീസ് പറയുന്നു.

മണപ്പുറത്ത് തന്നെയായിരുന്നു ഊണും ഉറക്കവുമെല്ലാം. മണപ്പുറത്തെ കഞ്ചാവ് വില്‍പ്പന ഇല്ലാതാക്കുവാന്‍ പരിശോധന ശക്തമായി തുടരാനാണ് പോലീസിന്റെ തീരുമാനം.

 

click me!