ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

By Web DeskFirst Published Mar 3, 2018, 9:29 AM IST
Highlights
  • പിടിയിലായത് ഹിന്ദു യുവ സേനയുടെ സ്ഥാപക നേതാവ്

ബംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കർണാടകത്തിലെ മദ്ദൂർ സ്വദേശിയായ നവീൻ കുമാറിനെ(37)യാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ‘ഹിന്ദു യുവ സേന’ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. ഒരാഴ്ച മുമ്പ് തോക്കും വെടിയുണ്ടകളുമായി ഇയാൾ  ബെംഗളൂരു മജസ്റ്റിക് ബസ്റ്റാന്‍റിൽ നിന്ന്  പിടിയിലായിരുന്നു. 

കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം  ഇന്ന് വൈകീട്ടോടെ  കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് എസ്ഐടി സ്ഥിരീകരിച്ചു. എട്ട് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. 

സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്. തീവ്ര ഹിന്ദുസംഘടനയായ സനാതൻ സൻസ്ഥയുമായും ഇയാൾക്ക് പങ്കുണ്ടെന്ന് അറിയുന്നു. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള സംഘടനയാണ് സനാതൻ സൻസ്ഥ.  
 

click me!