
മധ്യപ്രദേശ്: അന്യജാതിയിൽപെട്ട യുവാവിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിന്റെ പേരിൽ പിതാവ് മകളെ ജീവനോടെ ചുട്ടുകൊന്നു. മധ്യപ്രദേശിലാണ് മനസാക്ഷിയെ നടുക്കിയ ഈ ദുരഭിമാനക്കൊല നടന്നിരിക്കുന്നത്. വീട് വിട്ടിറങ്ങിയ മകളെ പുറകിലൂടെ ചെന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഖണ്ഡ്വാ ജില്ലയിലെ ചെയിൻപൂർ സർക്കാർ ഗ്രാമത്തിലാണ് സംഭവം. സുന്ദർ ലാൽ യാദവ് എന്ന അമ്പത്തിരണ്ടുകാരനായ പിതാവാണ് ലക്ഷ്മി ബായ് എന്ന തന്റെ മകളെ കത്തിച്ചു കൊന്നത്. ലക്ഷ്മിയുടെ സഹോദരൻ രാജേന്ദ്ര യാദവും കൊലയിൽ പങ്കാളിയാണ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലലടച്ചു.
സ്വന്തം ജാതിയല്ലാത്ത യുവാവിനെ വിവാഹം കഴിക്കുന്നതിൽ നിന്ന് ലക്ഷ്മിയെ വീട്ടുകാർ ഒന്നടങ്കം പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ വീട്ടുകാരുടെ സമ്മർദ്ദം വകവയ്ക്കാതെയാണ് ലക്ഷ്മി സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്നത്. വെള്ളിയാഴ്ച പുലർച്ചെ യുവാവിനൊപ്പം ജീവിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ലക്ഷ്മിയെ പുറകിൽ നിന്ന് വിളിച്ചു നിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പൊലീസിൽ സംഭവം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam