പെണ്‍കുട്ടി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അജ്ഞാതനെ തേടി പൊലീസ് ഇരുളില്‍ തപ്പുന്നു

By Web DeskFirst Published Sep 27, 2017, 10:57 PM IST
Highlights

മൂന്നാര്‍: മാങ്കുളത്ത് ആദിവാസി പെണ്‍കുട്ടി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പത്താം ദിവസവും ദുരൂഹത തുടരുന്നു. ഇരുളിന്റെ മറവില്‍ അജ്ഞാതന്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയന്ന പെണ്‍കുട്ടിയുടെ മരണ മൊഴിയുണ്ടെങ്കിലും തെളിവുകള്‍ എതിരാവുന്നതും വ്യക്തമായ സൂചനകള്‍ കിട്ടാത്തതും പോലീസിനെ വലയ്ക്കുന്നു.

മാങ്കുളം താളുങ്കണ്ടം ആദിവാസി കുടിയിലെ ശാലിനിയെന്ന പതിനാറുകാരി ഈമാസം 18ന് പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ദുരൂഹത തുടരുന്നത്. രാത്രി ഏഴരയോടെ വീടിന് പിന്നില്‍ വെച്ചായിരുന്നു പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്. ഉടന്‍ അടിമാലി താലൂക്കാശുപത്രിയിലും അവിടുന്ന് കോട്ടയം മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും 60 ശതമാനം പൊള്ളലേറ്റിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. പുറത്തിറങ്ങി പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം വീട്ടിലേക്ക് കയറുമ്പോള്‍ ആരോ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതായാണ് പെണ്‍കുട്ടിയുടെ മരണമൊഴി.

മണ്ണെണ്ണ വിളക്കില്‍ നിന്ന് തീപടര്‍ന്ന് പെണ്‍കുട്ടിക്കു പൊള്ളലേറ്റുവെന്നായിരുന്നു ആദ്യം പോലീസിന് കിട്ടിയ വിവരം. പിന്നാലെ അന്വേഷിച്ചു ചെല്ലുമ്പോഴാണ് ആരോ തീ കൊളുത്തിയതാണെന്ന മൊഴി കിട്ടുന്നത്. പക്ഷേ വീടും പരിസരവും പരിശോധിച്ചപ്പോള്‍ മണ്ണെണ്ണയെടുക്കാനുപയോഗിച്ച കപ്പും കൊളുത്താനുപയോഗിച്ച ലൈറ്ററും വീട്ടിലെ തന്നെയാണെന്നാണ് പോലീസ് കണ്ടെത്തിയത്. എസ്‌.പിയടക്കമുളളവര്‍ സ്ഥലത്തെത്തി നിരീക്ഷിച്ചിട്ടും ഒട്ടേറെ പേരെ ചോദ്യം ചെയ്തിട്ടും സംഭവത്തിലെ അജ്ഞാതന്റെ ഒരു സൂചനയും കിട്ടിയില്ല. ഇതാണ് അന്വേഷണം നീളുന്നതിനു കാരണമായി പൊലീസ് പറയുന്നത്.

click me!