ആര്‍സിസിയില്‍ നിന്നും എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കപ്പെട്ട പെണ്‍കുട്ടി മരിച്ചു

By Web DeskFirst Published Apr 11, 2018, 8:33 PM IST
Highlights
  • രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി പിടിപെട്ടെന്ന് സംശയം
  • ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടി മരിച്ചു

ആലപ്പുഴ: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും ചികിത്സ നടത്തുന്നതിനിടെ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി പിടിപെട്ടെന്ന് സംശയിക്കപ്പെട്ട ഹരിപ്പാട് സ്വദേശിയായ കുട്ടി മരിച്ചു. 13 മാസമായി കുട്ടി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു പത്ത് വയസുകാരിയായ കുട്ടി. ഒരു വർഷത്തിലധികമായി മജ്‌ജയിലെ ക്യാൻസറിനു ചികിത്സയിൽ കഴിഞ്ഞിരുന്നകുട്ടിയെ ഒരാഴ്ച്ച മുൻപ് പനി ബാധിച്ചതിനെ തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പിന്നീട് ഡിസ്ചാർജ് ചെയ്തുവെങ്കിലും ശ്വാസ തടസ്സത്തെ തുടർന്ന് ഇന്ന് രാവിലെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഉച്ചക്ക് 12 മണിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. 2017 മാര്‍ച്ച് ഒന്നിനായിരുന്നു കുട്ടിയെ ആര്‍സിസിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് രക്തം സ്വീകരിച്ച ശേഷം കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന ആരോപണം വന്‍ വിവാദമായിരുന്നു. 

രക്തം സ്വീകരിച്ചപ്പോള്‍ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്നായിരുന്നു ആരോപണം. ആര്‍സിസി പോലെയുള്ള സ്ഥാപനത്തിന് ചികിത്സാപിഴവ് സംഭവിച്ചെന്ന ആരോപണം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ തങ്ങളുടെ ചികിത്സയ്ക്കിടെ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്നും ആരോപണം തെറ്റാണന്നുമായിരുന്നു ആര്‍സിസി അധികൃതരുടെ വാദം.

തുടര്‍ന്ന് ചെന്നൈയിലെ ലാബില്‍ നടത്തിയ ആദ്യഘട്ടപരിശോധനയില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റാവിയിരുന്നുവെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. ചെന്നൈ ലാബിലെ പരിശോധനയ്ക്കുശേഷം രക്തസാമ്പിള്‍ വിശദമായ പരിശോധനയ്ക്കായി ദില്ലിയിലെ ലാബില്‍ അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കാത്തിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

click me!