
ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകി. സേവ് നിമിഷപ്രിയ ഗ്ലോബൽ ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൻ അഡ്വ. ദീപ ജോസഫ് ആണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോ പോൾദോ ജിറെല്ലിയ്ക്ക് നിവേദനം നൽകിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടലിൽ ആക്ഷൻ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ആക്ഷൻ കമ്മിറ്റി നേതാക്കളാണ് കാന്തപുരത്തെ സന്ദർശിച്ച് നന്ദി രേഖപ്പെടുത്തിയത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകളും ചർച്ചകളും പുരോഗമിക്കുകയാണ്. അതേ സമയം ദിയാധനം സ്വീകരിക്കാൻ കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ന് നോർത്ത് യമനിൽ നടക്കുന്ന അടിയന്തര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണം എന്നാണ് ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഷയത്തിൽ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാൻ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിർണായക നീക്കങ്ങൾ നടക്കുന്നത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam