കൊച്ചി പുറംകടലില്‍ ബോട്ടിലിടിച്ച കപ്പല്‍ ഇന്ന് പരിശോധിക്കും

By Web DeskFirst Published Jun 12, 2017, 6:20 AM IST
Highlights

കൊച്ചി: കൊച്ചി പുറംകടലില്‍ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ വിദഗ്ധ സംഘം ഇന്ന് പരിശോധിക്കും. തുറമുഖ വകുപ്പ്, തീരദേശ പൊലീസ് തുടങ്ങിയ വകുപ്പുകളുടെ എട്ടംഗ സംഘമാണ് പുറംകടലിലെത്തി കപ്പല്‍ പരിശോധിക്കുക. കപ്പല്‍ ഇന്ന് കൊച്ചി തുറമുറഖത്ത് എത്തിക്കാനുള്ള സാധ്യത സംഘം വിലയിരുത്തും.

കൊച്ചി  പുറംകടലില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് തകര്‍ത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ആമ്പര്‍ എല്‍ എന്ന ചരക്ക് കപ്പല്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ഇപ്പോഴും പുറങ്കടലില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. രാജ്യാന്തര മാനദണ്ഡം അനുസരിച്ച് കപ്പല്‍ കൊച്ചി തീരത്ത് എത്തിക്കാനുള്ള സാധ്യത തേടിയാണ് തുറമുഖ വകുപ്പ്, മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ കപ്പല്‍ പരിശോധിക്കാനൊരുങ്ങുന്നത്. സംഘം രാവിലെ 8.50ന് കൊച്ചി തീരത്ത് നിന്ന് യാത്ര തിരിക്കും. ചരക്ക് കയറ്റിയ കപ്പലിന് ഭാരക്കൂടുതലായാതിലാല്‍ ചരക്ക് ചെറുകപ്പലുകളിലേക്കോ ബാര്‍ജുകളിലേക്കോ മാറ്റിയ ശേഷം ആമ്പര്‍ എല്‍ കൊച്ചി തീരത്ത് എത്തിക്കാനുള്ള സാധ്യതയും സംഘം തേടും. അതേസമയം കപ്പല്‍ കൊച്ചി തീരത്തടുപ്പിക്കാന്‍ തടസ്സം നിന്നിട്ടില്ലെന്ന് വിശദീകരണവുമായി കൊച്ചിന്‍ പോര്‍ട്ട് ട്രെസ്റ്റ് രംഗത്തെത്തി. വലിയ കപ്പലായതിനാല്‍ തീരത്തടുക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പോര്‍ട്ട് ട്രെസ്റ്റിന്റെ വാദം. ഇതിനിടെ കപ്പലില്‍ നിന്ന് വോയിസ് ഡേറ്റ റെക്കോഡറും ലോഗ് ബുക്കും പിടിച്ചെടുത്തു. പുറംകടലില്‍ വച്ച് കര്‍മലമാത ബോട്ടിലിടിച്ചത് ആമ്പര്‍ എല്‍ എന്ന കപ്പല്‍ തന്നെയാണോ എന്ന് ഉറപ്പിക്കാനാണിത്.

ബോട്ടില്‍ കപ്പലിടിച്ച് മരിച്ച തമിഴ്‌നാട് സ്വദേശി തമ്പിദുരൈ, അസം സ്വദേശി മോതിദാസ് എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കൊച്ചിയില്‍ നടക്കും. കാണാതായ രാഹുല്‍ ദാസിനായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരില്‍ ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി.

click me!