
ദില്ലി: ഗൊരഖ്പുരിലെ ശിശുമരണങ്ങളിൽ കേന്ദ്ര-, സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടികൾ. ഗോരഖ്പുരിലേത് കുട്ടികളുടെ കൂട്ടക്കുരുതിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചികിത്സയിലെ കുറ്റകരമായ അനാസ്ഥയാണ് ഇതെന്ന് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഗോരഖ്പ്പൂര്‍ ബി.ആര്‍.ഡി മെഡിക്കൽ കോളേജിൽ 67 കുട്ടികൾ പിടഞ്ഞുമരിച്ച സംഭവം പ്രധാനമന്ത്രി നിരീക്ഷിക്കുന്നുവെന്ന് പറയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ യാതൊരു അന്വേഷണവും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടുദിവസത്തിനകം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറും. ഗോരഖ്പ്പൂരിൽ നടന്നത് കുട്ടികളുടെ കൂട്ടകുരുതിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
കുറ്റകരമായ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഒരിക്കലും പൊറുക്കാനാകാത്ത വീഴ്ചയാണ് സംഭവിച്ചതെന്നും യെച്ചൂരി പറഞ്ഞു. ഉത്തര്‍പ്രദേശിൽ രാഷ്ട്രീയ വിജയം നേടിയ ബി.ജെ.പിക്കെതിരെ വലിയ വിമര്‍ശനമാണ് ഗോരക്പ്പൂര്‍ സംഭവം ഉണ്ടാക്കുന്നത്.
അത് മറികടക്കുക യു.പിയിലെ യോഗി സര്‍ക്കാരിന് ശ്രമകരമായ ദൗത്യമാകും. ഉത്തര്‍പ്രദേശിലെ ആരോഗ്യമേഖലയിൽ നിലനിൽക്കുന്ന തട്ടിപ്പുകളും കെടുകാര്യസ്ഥതയും നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അതൊന്നും ഇപ്പോഴും മാറിയിട്ടില്ലെന്ന് പ്രതിപക്ഷത്തിന് വാദിക്കാൻ ഗോരഖ്പ്പൂരിലെ സംഭവം കാരണമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam