ഓഖി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം, പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം

Published : Dec 06, 2017, 11:46 AM ISTUpdated : Oct 05, 2018, 12:30 AM IST
ഓഖി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം, പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം

Synopsis

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതര്‍ക്കുള്ള സമഗ്രനഷ്ടപരിഹാരപാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടിയന്തര നടപടികളും ദീര്‍ഘകാല പദ്ധതികളും ചേര്‍ന്നതാണ് പാക്കേജ്. പാക്കേജിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. 

പാക്കേജിന്റെ ഭാഗമായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ബദല്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ ഫിഷറീസ് വകുപ്പില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ഇങ്ങനെ മൊത്തം 20 ലക്ഷം രൂപയാവും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുക. 

ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യറേഷനും ചുഴലിക്കാറ്റില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യമായ തുക നഷ്ടപരിഹാരവും കൊടുക്കും. മരണപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കും 

ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ചുഴലിക്കാറ്റിനെ കേരളം നേരിടുന്നതെന്ന് വാര്‍ത്താസമ്മേളനത്തിന് തുടക്കമിട്ടു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 28-ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കണം ഇതാണ് സമുദ്രഗവേഷണകേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ആദ്യത്തെ അറിയിപ്പ്. പിന്നീട് നവംബര്‍ 30-ന് രാവിലെ 8.30-ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും അടുത്ത അറിയിപ്പ് കിട്ടി. ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറും എന്നായിരുന്നു ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിക്കണം എന്നായിരുന്നു ആ അറിയിപ്പിലും ഉണ്ടായിരുന്നത്. ഒടുവില്‍ അന്നേദിവസം ഉച്ചയ്ക്ക് 12.30-നാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയെന്ന അറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും ലഭിച്ചത്. ഇൗ വിവരം സര്‍ക്കാര്‍ എല്ലാ പ്രധാന ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയും അപ്പോള്‍ തന്നെ അറിയിച്ചു. എന്നാല്‍ ഇതിനോടകം എല്ലാ മത്സ്യത്തൊഴിലാളികളും കടലില്‍ പോയിരുന്നു. 

ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ തന്നെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. 15 കപ്പലുകള്‍ 7 ഹെലികോപ്ടറുകള്‍ 4 വിമാനങ്ങള്‍ എന്നിവ ആദ്യദിവസം തൊട്ട് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി രംഗത്തുണ്ടായിരുന്നു. ആദ്യദിനം തുടങ്ങിയപ്പോള്‍ ഉള്ള അതേ ഗൗരവത്തോടെ രക്ഷാപ്രവര്‍ത്തനം  ഈ മണിക്കൂറുകളിലും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ടൂറിസം മന്ത്രി, ഫിഷറീസ് മന്ത്രി എന്നിവരെ 30-ാം തീയതി തന്നെ ചുമതലപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ 52 പുനരധിവാസ ക്യാംപുകളിലായി 8556 പേര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഭയം തേടിയിട്ടുണ്ടെന്നും കേരളത്തിലേത് പോലെ തന്നെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ.ശ്രീനിവാസ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലേക്ക് ഒരു ടീമിനെ അയച്ചു. സിന്ധുദുര്‍ഗ്ഗ്, ഗോവ, രത്‌നഗിരി എന്നിവിടങ്ങളിലുള്ള മലയാളി സംഘടനകളും, രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചു. നോര്‍ക്ക ഡയറക്ടര്‍ ഭദ്രന്‍ മഹാരാഷ്ട്രയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 700-ഓളം ആളുകള്‍ കേരളത്തിന് പുറത്തെ വിവിധ തീരങ്ങളിലെത്തിയിരുന്നു. മലയാളികള്‍ക്കൊപ്പം തന്നെ തമിഴ്‌നാട് സ്വദേശികളേയും നാട്ടിലെത്തിച്ചു. തമിഴ് നാട്ടിലെ മാധ്യമങ്ങളെ ഇതിനെ പ്രശംസിച്ചു റിപ്പോര്‍ട്ട് ചെയ്‌തെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ
ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും