അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒമ്പത് പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

By Web DeskFirst Published Sep 3, 2017, 6:49 AM IST
Highlights

കേരളത്തിന് പ്രാതിനിധ്യം നല്‍കി കേന്ദ്ര മന്ത്രിസഭ ഇന്ന് പുന:സംഘടിപ്പിക്കും. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒമ്പത് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിര്‍മ്മല സീതാരാമന്‍ കാബിനറ്റ് മന്ത്രിയാകും.  അണ്ണാ ഡിഎംകെയും  ജെഡിയുവും തല്‌ക്കാലം മന്ത്രിസഭയില്‍ ഉണ്ടാവില്ല.

മൂന്നു വര്‍ഷം പിന്നിടുന്ന നരേന്ദ്രമോദി മന്ത്രിസഭയില്‍ ഒടുവില്‍ കേരളത്തിന് പ്രാതിനിധ്യം. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആണ് മന്ത്രിയാകാനുള്ള നറുക്ക് വീണത്. നിലവില്‍ എംപിയല്ലാത്ത അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി രാജ്യസഭയിലേക്ക് കൊണ്ടുവരും. നഗരവികസനം പോലെ അടിസ്ഥാനസൗകര്യവികസന മന്ത്രാലയത്തിലൊന്നിന്റെ ചുമതല അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കിട്ടിയേക്കും. ഒമ്പത് പുതിയ മന്ത്രിമാരാകും സത്യപ്രതിജ്ഞ ചെയ്യുക. അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം മറ്റൊരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ആ‍ര്‍ കെ സിംഗും മന്ത്രിയാകും. ബീഹാറില്‍ നിന്നുള്ള ലോക്‌സഭാംഗമായ ആര്‍ കെ സിംഗ് മുന്‍ ആഭ്യന്തര സെക്രട്ടറിയാണ്. മുന്‍ ഐഎഫ്എസ് ഉദ്യോസ്ഥന്‍ ഹര്‍ദീപ് സിംഗ് പുരിയും മുന്‍ മുംബൈ പൊലീസ് കമ്മീഷണറും ഐപിഎസ് ഉദ്യോഗസ്ഥനുമായ സത്യപാല്‍ സിംഗും മന്ത്രിമാരാകും. ഹര്‍ദീപ് സിംഗ് പുരി നിലവില്‍ എംപിയല്ല. ബീഹാറില്‍ നിന്നുള്ള അശ്വനികുമാര്‍ ചൗബെ, മധ്യപ്രദേശില്‍ നിന്നുള്ള ദളിത് നേതാവ് വീരേന്ദ്രകുമാര്‍, കര്‍ണ്ണാടകത്തില്‍ നിന്നുള്ള അന്ത്കുമാര്‍ ഹെഗ്ഡെ, രാജസ്ഥാനില്‍ നിന്നുള്ള ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശിവ്പ്രസാദ് ശുക്ള എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. നിര്‍മ്മലാ സീതാരാമന്‍ കാബിനറ്റ് മന്ത്രിയാകും. പിയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കും സ്ഥാനക്കയറ്റം കിട്ടിയേക്കും. ജെഡിയും, അണ്ണാഡിഎംകെ എന്നീ കക്ഷികള്‍ തല്‌ക്കാലം മന്ത്രിസഭയിലുണ്ടാവില്ല എന്നാണ് സൂചന. പ്രതിരോധ മന്ത്രിയെക്കുറിച്ചുള്ള സസ്‌പെന്‍സ് തുടരുകയാണ്. നിതിന്‍ ഗഡ്കരിയെ വിളിച്ചു വരുത്തി പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഇരുപതിലധികം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരും.

click me!