ചുമതലയിൽ നിന്ന് ഒഴിഞ്ഞ് മാറുന്നു; ശബരിമല നിരീക്ഷക സമിതിയെ തള്ളി സർക്കാർ ഹൈക്കോടതിയിൽ

By Web TeamFirst Published Jan 7, 2019, 6:37 PM IST
Highlights

ശബരിമല നിരീക്ഷക സമിതിയെ തള്ളി സർക്കാർ ഹൈക്കോടതിയിൽ. നിരീക്ഷക സമിതി റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് സർക്കാർ. സന്നിധാനത്ത് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെപ്പറ്റി റിപ്പോർട്ടിലില്ല. നിരീക്ഷക സമിതി ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും സർക്കാർ.

കൊച്ചി: ശബരിമലയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിയ്ക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തള്ളി സർക്കാർ.  നിരീക്ഷണ സമിതി റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ അവിടെയുണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോർട്ടിൽ പരമാർശമില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു. യുവതികൾക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നത് ശരിയല്ല. മറ്റ് ഭക്തരുടെ ദർശനത്തെ ഇത് ബാധിക്കുമെന്ന കണ്ടെത്തൽ സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവുമാണെന്നും സര്‍ക്കാര്‍.

യുവതി പ്രവേശനശ്രമം നടന്നപ്പോൾ സന്നിധാനത്ത് ചിലർ നിയമം കൈയിലെടുത്ത നടപടിയെ പറ്റി റിപ്പോർട്ടിൽ മിണ്ടുന്നില്ല. നിരീക്ഷണ സമിതിയെ തത്സമയ തീരുമാനങ്ങളെടുക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണ സമിതി ചുമതലയിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണെന്നും പൊലീസ്, ദേവസ്വം ബോർഡിനും നിർദ്ദേശങ്ങൾ നൽകി തത്സമയ തീരുമാനമെടുക്കാനുള്ള സമിതി ആ ചുമതല നിർവ്വഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. പത്തനംതിട്ട എസ് പി ടി നാരായണനാണ് സർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

click me!